crime

നെടുമങ്ങാട് : വാടകയ്ക്കെടുത്ത ബൈക്കിൽ കറങ്ങി വഴിയാത്രക്കാരായ സ്ത്രീകളുടെ സ്വർണമാല പിടിച്ചുപറിക്കുന്ന സംഘത്തിലെ നാലു പേർ നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി. മെഡിക്കൽ കോളേജ് ആർ.സി.സിക്ക് പിറകുവശം മഞ്ചാടിക്കുന്നിൽ വീട്ടിൽ സബിൻ സക്കറിയ (21), ആറ്റിങ്ങൽ കടുവാപ്പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന വട്ടിയൂർക്കാവ് പടയണി റോഡിൽ കോണത്തു കുളങ്ങര വീട്ടിൽ എസ്. ആദർശ് (19), ഏണിക്കര നെടുമ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട ജില്ലയിലെ പന്തളം ചേരിക്കൽ പടിഞ്ഞാറ് ചരിഞ്ഞതിൽ പുത്തൻ വീട്ടിൽ എം. അരുൺ (20), തൊഴുവൻകോട് എടപ്പറമ്പ് വീട്ടിൽ വി. വിജുലാൽ (20) എന്നിവരാണ് പിടിയിലായത്. ആഗസ്റ്റ് ഒന്നിന് രാവിലെ എട്ടോടെ നെടുമങ്ങാട് ചന്തമുക്കിൽ നിന്ന് മഞ്ച ഭാഗത്തേക്ക് നടന്നുപോയ മദ്ധ്യവയസ്കയുടെ 5 പവൻ സ്വർണമാല പിടിച്ചു പറിച്ച് രക്ഷപ്പെടുകയായിരുന്നു ഇവർ. ആദർശിന്റെ ബൈക്കിന് പിറകിലിരുന്ന് സബിൻ സക്കറിയയാണ് മാല പിടിച്ചുപറിച്ചത്. സ്ത്രീയെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു. ഇവരെ ഒളിവിൽ പാർപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് അരുണും വിജുലാലും അറസ്റ്റിലായത്. സി.സി ടിവി കാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ഒ.എൽ.എസിൽ നിന്ന് ബൈക്ക് ദിവസവും 1,000 രൂപയ്ക്ക് വാടകയ്ക്കെടുത്ത് വിവിധ ഭാഗങ്ങളിൽ കറങ്ങി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെ സ്വർണമാല കവരുന്നതാണ് ഇവരുടെ രീതി. ആറ്റിങ്ങൽ, വർക്കല, കഴക്കൂട്ടം, പോത്തൻകോട്, വെൺപാലവട്ടം, കാട്ടാക്കട എന്നിവിടങ്ങളിൽ സമാനമായ പിടിച്ചുപറി നടത്തിയിട്ടുണ്ട്. നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയും മങ്കി ക്യാപ്പ് ധരിച്ചുമാണ് പിടിച്ചുപറി നടത്തുന്നത്. കവർച്ച ചെയ്യുന്ന ആഭരണങ്ങൾ വിറ്റുകിട്ടുന്ന പണം മദ്യത്തിനും മയക്കുമരുന്നിനും ആഡംബര ജീവിതത്തിനുമാണ് ചെലവിട്ടതെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് സി.ഐ വി. രാജേഷ് കുമാർ, എസ്.ഐമാരായ സുനിൽഗോപി, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.