rocky

ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബറിലെ താഴംപളളി ഭാഗത്തു നിന്ന് മീൻപിടിത്തത്തിനു പോയ ഫൈബർ ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് പൂത്തുറ തരിശുപറമ്പ് നീനു കോട്ടേജിൽ റോക്കി ബെഞ്ചിനോസ് (57), കുന്നുംപുറത്ത് വീട്ടിൽ ലാസർ തോമസ് (55) എന്നിവരാണ് മരണമടഞ്ഞത്. ഇന്നലെ രാവിലെ അഞ്ചരയ്ക്കും ആറിനുമിടയ്ക്കാണ് അപകടം.

'തിരുകുടുംബം' എന്ന ബോട്ടിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പൂത്തുറ സ്വദേശികളായ വിനോദ്, മോസസ്, അഞ്ചുതെങ്ങ് സ്വദേശി ടെറിൻ എന്നിവരെ മറ്റൊരു വള്ളത്തിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. കൂറ്റൻ തിരയിൽപ്പെട്ട് ഫൈബർ ബോട്ട് മറിയുകായിരുന്നു. കടലിലേക്ക് തെറിച്ചുവീണ ലാസർ നീന്തി കരയിലെത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു.

നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കടലിലെ പാറക്കൂട്ടത്തിൽപ്പെട്ട് മരിച്ച റോക്കിയുടെ ശരീരം തിരച്ചിലിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എൻജിനും വലയുമടക്കം ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ലാസറിന്റെ മൃതദേഹം അഞ്ചുതെങ്ങ് സെന്റ് ജോസഫ് പള്ളിയിലും റോക്കിയുടെ മൃതദേഹം പൂത്തുറ സെന്റ് റോസ്കി പള്ളിയിലും സംസ്കരിച്ചു.