ashes-smith
ashes smith

രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടി സ്റ്റീവൻ

സ്മിത്ത് (142)

മാത്യു വേഡിനും സെഞ്ച്വറി (110)

രണ്ടാം ഇന്നിംഗ്സിൽ ഒാസീസ് 487/7 ഡിക്ളയേഡ്, 397 റൺസ് ലീഡ്

എഡ്‌ജ്ബാസ്റ്റൺ : പന്തുരയ്ക്കൽ വിവാദത്തിലെ വിലക്കിൽനിന്ന് ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടി ആഘോഷിച്ച് മുൻ നായകൻ സ്റ്റീവൻ സ്മിത്ത് ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റിൽ ആസ്ട്രേലിയൻ ടീമിന്റെ കാവൽ മാലഖയായി.

ആദ്യ ഇന്നിംഗ്സിൽ 90 റൺസ് ലീഡ് വഴങ്ങിയിരുന്ന ആസ്ട്രേലിയ നാലാംദിവസം 487/7 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു . 397റൺസിന്റെ ലീഡാണ് കംഗുരുക്കൾ നേടിയത്. തുടർന്ന് 398 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇംഗ്ളണ്ട് നാലാം നാൾ കളി നിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 13 റൺസെടുത്തിട്ടുണ്ട്.

ഇന്നലെ 124/3 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഒാസീസിന് 142 റൺസ് നേടിയ സ്മിത്തിന്റെയും മാത്യു വേഡിന്റെയും (110 ) ഇന്നിംഗ്സുകൾ കരുത്താവുകയായിരുന്നു . ട്രാവിസ് ഹെഡ് (51) അർദ്ധ സെഞ്ച്വറിനേടി. വാലറ്റത്ത് പെയ്ൻ (34)പാറ്റിൻസൺ(47*) കമ്മിൻസ് (26*) എന്നിവരും കരുത്തുകാട്ടിയതോടെയാണ് 487/7ലെത്തിയത്.

മൂന്നാം ദിവസം 75/3 എന്ന നിലയിൽ ക്രീസിലൊരുമിച്ച സ്മിത്തും ഹെഡും നാലാം വിക്കറ്റിൽകൂട്ടിച്ചേർത്തത് 130 റൺസാണ്. ലഞ്ചിന് മുമ്പ് ഹെഡ് മുടങ്ങിയെങ്കിലും വേഡിനെ കൂട്ടുനിറുത്തി സ്മിത്ത് സെഞ്ച്വറിയിലേക്ക് കുറിച്ചു. അഞ്ചാംവിക്കറ്റിൽ ഇൗ സഖ്യം 126 റൺസ് കൂട്ടിച്ചേർത്തു. 207 പന്തുകളിൽ 14 ബൗണ്ടറികളടക്കം തന്റെ 25-ാം ടെസ്റ്റ് സെഞ്ച്വറിയിലെത്തിയ സ്മിത്ത് ടീമിനെ 331 ലെത്തിച്ചശേഷമാണ് പുറത്തായത്.തുടർന്ന് വേഡ് സെഞ്ച്വറിയിലെത്തി.

25

ടെസ്റ്റ് ക്രിക്കറ്റിൽ 25 സെഞ്ച്വറികൾ ഏറ്റവും വേഗത്തിൽ തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി സ്റ്റീവൻ സ്മിത്ത്.

തന്റെ 119-ാം ഇന്നിംഗ്സിൽ നിന്ന് 25-ാം സെഞ്ച്വറിയിലെത്തിയ സ്മിത്ത് 127 -ാം ഇന്നിംഗ്സിൽ 25-ാം സെഞ്ച്വറിയിലെത്തിയ വിരാട് കൊഹ്‌ലിയെയാണ് മറികടന്നത്.

68-ാം ഇന്നിംഗ്സിൽ 25-ാം സെഞ്ച്വറിയിലെത്തിയ ആസ്ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ പേരിലാണ് ഇക്കാര്യത്തിലെ റെക്കാഡ്.

സച്ചിൻ ടെൻഡുൽക്കർ 130-ാം ഇന്നിംഗ്സിലാണ് 25-ാം സെഞ്ച്വറി നേടിയിരുന്നത്.

ആഷസ് പരമ്പരയിൽ ഇരു ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ആസ്ട്രേലിയൻ ബാറ്റ്സ്‌മാനാണ് സ്മിത്ത്.

ടെസ്റ്റിൽ 25 സെഞ്ച്വറികൾ തികയ്ക്കുന്ന 22-ാമത്തെ താരമാണ് സ്മിത്ത്. കൊഹ്‌ലി 25 സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുണ്ട്.

ക്യാപ്ഷൻ

ഇനി കള്ളനെന്ന് വിളിക്കല്ലേ. ആഷസ് ടെസ്റ്റിനിടെ തന്നെ സാൻഡ് പേപ്പർ ഉയർത്തിക്കാട്ടി കളിയാക്കിയ കാണികൾക്ക് മുന്നിൽ പാന്റ്സിന്റെ ഇരുപോക്കറ്റുകളും തുറന്നുകാട്ടി ഒന്നുമില്ലെന്ന് പറയുന്ന ആസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. കഴിഞ്ഞവർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ പോക്കറ്റിൽ സൂക്ഷിച്ച സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തുരച്ച കേസിൽ വാർണർ, സ്മിത്ത്, ബാൻക്രോഫ്ട് എന്നിവരെ വിലക്കിയിരുന്നു. വിലക്ക് കഴിഞ്ഞ് ലോകകപ്പിൽ തിരിച്ചെത്തിയ വാർണറെ കാണികൾ കൂവുകയും കളിയാക്കുകയും ചെയ്തിരുന്നു.