vipin

പാറശാല: സ്വന്തം വല്യച്ഛന്റെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാരോട് അയിര ചൂരക്കുഴി എ.എസ്. ഭവനിൽ വിപിൻ (28) ആണ് അറസ്റ്റിലായത്. പ്രതിയുടെ വല്യച്ഛന്റെ മകൻ അനിയെ (43) നെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിനാണ് വിപിനെ അറസ്റ്റ് ചെയ്‍തത്. കഴിഞ്ഞ മൂന്നിന് രാത്രി 7 മണിക്ക് ചൂരക്കുടി കുരിശടിക്ക് സമീപത്തായിരുന്നു സംഭവം. ഒരു വർഷം മുൻപ് അനിയുടെ വീട്ടിൽ നിന്ന് വാർക്കപ്പണിക്കുള്ള തട്ടടി സാധനങ്ങൾ വിപിൻ മോഷ്ടിച്ചു വിറ്റതിന്റെ പേരിൽ നേരത്തേ കേസുണ്ടായിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് വധശ്രമത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു. അനിക്ക്‌ കഴുത്തിലും നെഞ്ചിലുമായി ആറോളം വെട്ടുണ്ട്. വിപിന്റെ പേരിൽ മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകൾ പാറശാല, പൊഴിയൂർ സ്റ്റേഷനുകളിൽ ഉണ്ട്. പൊഴിയൂർ ഇൻസ്‌പെക്ടർ ഒ.എ.സുനിൽ, എസ്.ഐ മാരായ പ്രസാദ്, ഉണ്ണികൃഷ്ണൻ, എ.എസ്.ഐ മാരായ പ്രസാദ്, സുരേഷ്, ജയലക്ഷ്മി എന്നിവർ ചേർന്ന് വളരെ സാഹസികമായാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.