vs-sis-in-law
വി.എസ്.അച്യുതാനന്ദന്റെ സഹോദര പത്നി സരോജിനിനി പ്രളയമുണ്ടായപ്പോൾ മുങ്ങിയ വീടിനുമുന്നിൽ ഫോട്ടോ സുഭാഷ് കുമാരപുരം

പ്രളയ ശേഷം കുട്ടനാട്ടിൽ വീടുകൾ തറ ലെവലിൽ നിന്ന് പൊക്കി നിറുത്തുകയാണ്. ഇനിയൊരു പ്രളയം വന്നാലും വീട് മുങ്ങാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പ്രളയാനന്തരം കുട്ടനാട്ടിലുണ്ടായ ട്രെന്റ് ഇതാണ്. നിരവധി കമ്പനികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാർക്ക് അത്രപെട്ടെന്ന് വീടു ഉയർത്താൻ കഴിയില്ല. കാരണം ഒന്ന് അതിന്റെ ചെലവ്. രണ്ട് അടിസ്ഥാനം ബലമുണ്ടെങ്കിലെ സുരക്ഷിതമായി ഉയർത്താൻ കഴിയൂ.

അടിസ്ഥാനം കുഴിച്ച് ജാക്കി വച്ച് എല്ലാ വശത്തു നിന്നും ഒരേ സമയം ഉയർത്തിയ ശേഷം കോൺക്രീറ്റ് ഇഷ്ടിക കൊണ്ട് കെട്ടിബലപ്പെടുത്തുന്നതാണ് നിർമ്മാണ രീതി. ഇങ്ങനെ ചെയ്യുമ്പോൾ തറ പൂർണമായും പൊട്ടിപ്പൊളിഞ്ഞു പോകും. ചുമരുകൾക്ക് ഒന്നും സംഭവിക്കില്ല. എത്ര ഉയർത്തുന്നോ അത്രയും ഉയരത്തിൽ മണ്ണിട്ട് നിറച്ച്, കോൺക്രീറ്റ് ചെയ്ത ശേഷം തറയിൽ ടെയിൽസോ ഗ്രാനൈറ്റോ ഒട്ടിക്കാം. സാധാരണ ആറടിവരെയാണ് ഉയർത്തുക. സ്ക്വയർ ഫീറ്റിന് 250 മുതൽ 350 വരെയാണ് നിരക്ക്. ആയിരം സ്ക്വയർ ഫീറ്റുള്ള വീട് ഉയർത്താൻ മൂന്നര ലക്ഷം രൂപവരെ ചെലവാകും. ഒരു മാസം മുതൽ ഒന്നര മാസം വരെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി വരും. 15 വർഷം മുതൽ 25 വർഷം വരെ ഗാരന്റി നൽകിയാണ് നിർമ്മാണ കമ്പനികൾ കരാർ ഏറ്രെടുക്കുന്നത്.

കഴിഞ്ഞ വട്ടം പ്രളയം രണ്ടുവട്ടമാണ് ആലപ്പുഴയെ പ്രത്യേകിച്ച് കുട്ടനാടിനെ മുക്കിയത്. ജൂലായ് 15 മുതൽ 18 വരെയും പിന്നെ ആഗസ്റ്റ് 15 മുതലും. ഏറ്റവും അവസാനം വെള്ളമിറങ്ങിയ പ്രദേശം കുട്ടനാട്ടിലെ കൈനകരിയാണ്. ഇവിടെ ഒരു മാസത്തിലധികം വീടുകൾ മുങ്ങിക്കിടന്നു.

എപ്പോൾ വേണമെങ്കിലും വെള്ളം കയറാവുന്ന കുട്ടനാട്ടിൽ അതിൽ നിന്നു ശാശ്വത പരിഹാരമെന്ന നിലയിലുള്ള ഒരു ഗൃഹനിർമ്മാണ മാതൃക ആവശ്യമാണ്.സർക്കാർ അതേക്കുറിച്ച് പറയുകയുണ്ടായെങ്കിലും യാതൊരു നടപടിയും സംഭവിച്ചിട്ടില്ല.

പ്രളയം കഴിഞ്ഞു വിളവ് കൂടി

പ്രളയം കൊണ്ട് ആകെയുണ്ടായ നേട്ടം കാർഷിക വിള ഉത്പാദനം കൂടി എന്നതാണ്. വയലേലകളിൽ എക്കൽ വന്നടിഞ്ഞപ്പോൾ അത് ഗുണമായി ഭവിച്ചു. ഒരേക്കർ നിലത്തു നിന്നും 35 മുതൽ 45 വരെ ക്വിന്റൽ നെല്ല് ഉത്പാദിപ്പിക്കാൻ സാധിച്ചു. പ്രളയത്തിനു മുമ്പ് ഇത് 20 മുതൽ 25 വരെ ക്വിന്റൽ ആയിരുന്നു.

 കുട്ടനാട് പാക്കേജ് ഇനിയെങ്കിലും പുനരുജ്ജീവിക്കുമോ?

പ്രളയശേഷം കുട്ടനാടിനെ രക്ഷപ്പെടുത്താനായി കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കാൻ തുടങ്ങിയിട്ട് ഒരാണ്ട് ആകാറായി. കഴിഞ്ഞ ആഗസ്റ്റിൽ ആലപ്പുഴയിൽ നടന്ന ദുരിതാശ്വാസനടപടികളുടെ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കുന്ന കാര്യം പറഞ്ഞത്.

ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചിരുന്നത്.

വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിൽ മാത്രം ആയിരം കോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയിരുന്നത്. 2008ൽ പിറവിക്കൊണ്ട പാക്കേജാണ് ഇപ്പോഴും പൊടിപിടിച്ചു കിടക്കുന്നത്.

കുട്ടനാട്ടുകാരനായ കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷനായ കമ്മിറ്റി കുട്ടനാടു പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാരിനു നൽകിയത് 2008ൽ. അടുത്തവർഷം തന്നെ അംഗീകാരം ലഭിച്ചു. 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കുട്ടനാട്ടിൽ പാക്കേജിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കുട്ടനാടിന്റെ പരിസ്ഥിതി സംരക്ഷണവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ട പാക്കേജ് 1840 കോടി രൂപയുടേതായിരുന്നു. മൂന്നു വർഷത്തിനകം നടപ്പിലാക്കേണ്ട പാക്കേജിന്റെ കാലാവധി 2016 വരെ നീട്ടിക്കൊടുത്തിട്ടും ചെലവഴിക്കാനായത് 750 കോടി മാത്രം. പാക്കേജിലെ 15 ഇന പരിപാടികളിൽ ജലവിസ്തൃതി കുറയുന്നത് നിയന്ത്രിക്കണമെന്നായിരുന്നു ആദ്യത്തെ നിർദ്ദേശം. രണ്ടാമത് വെള്ളപ്പൊക്ക ഓരുവെള്ള നിയന്ത്രണവും. 12 വകുപ്പുകളെയാണ് ഇതിന്റെ നടത്തിപ്പിനു ചുമതലപ്പെടുത്തിയത്. ഈ വകുപ്പുകളുടെ അലംഭാവവും ഒത്തിണക്കമില്ലായ്മയുമാണ് പാക്കേജ് ലക്ഷ്യത്തിലെത്താതെ പോയതിനു കാരണം

സമുദ്രനിരപ്പിൽ താഴെയുള്ള കുട്ടനാടിനെ സംബന്ധിച്ചിടത്തോളം വെള്ളം ഒഴുകി വാർന്നുപോകാനുള്ള സൗകര്യങ്ങൾക്കായിരിക്കണം മുൻഗണനയെന്നാണ് കുട്ടനാടിനെ അറിഞ്ഞ എല്ലാവരും പറഞ്ഞിട്ടുള്ളതും. പാക്കേജ് നടപ്പിലാക്കുന്നതിന്റെ മറവിൽ വ്യക്തിതാത്പര്യം മുൻനിറുത്തി പദ്ധതി വഴിമാറ്റി വിട്ടുവെന്ന ആക്ഷേപം ശക്തമാണ്.

വി.എസിന്റെ ബന്ധു സരോജിനിക്ക് സംഭവിച്ചത്

പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ആദ്യഘട്ട ധനസഹായം പതിനായിരം രൂപയ്ക്കായി പലവട്ടം വില്ലേജ് ഓഫീസ് കയറിയിറങ്ങിയ പുന്നപ്ര പറവൂർ അശോക് ഭവനിൽ സരോജിനിയുടെ (82) അനുഭവം കഴിഞ്ഞ ഒക്ടോബറിൽ വാർത്തയായിരുന്നതാണ്.മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സഹോദരൻ പരേതനായ വി.എസ്. പുരുഷോത്തമന്റെ ഭാര്യയാണ് സരോജിനി.

അഞ്ചുവട്ടം വില്ലേജ് ഓഫീസും ബാങ്കും കയറിയിറങ്ങിയപ്പോഴാണ് സരോജിനിക്കു ദുരിതാശ്വാസമായി പതിനായിരം രൂപ ലഭിച്ചത്. പിന്നീട് മറ്റൊരു അയ്യായിരം രൂപ കൂടി ലഭിച്ചതായി സരോജിനി പറയുന്നു. പ്രളയത്തിൽ മുങ്ങിയ സരോജിനിയുടെ വീടിന് പഴക്കമേറെയാണ്. ഏതു നിമിഷവും തകർന്നു വീഴാം. "മക്കളേ ഇങ്ങോട്ടു കേറി നോക്കൂ. മഴ പെയ്താൽ ഇവിടമാകെ ചോർന്നൊലിക്കും "- ആകെ അവശയായ സരോജിനി തപ്പിത്തടഞ്ഞ് വീടിന്റെ ചോർച്ചയുള്ള ഭാഗങ്ങൾ കാണിക്കുന്നു. സഹായധനം കൊണ്ട് ഒന്നുമായില്ലേ? മുൻവശത്തെ കഴുക്കോലും പട്ടികയും മാറ്റി പുതിയതിട്ട് അവിടെ മാത്രം കൂര ശരിയാക്കി. ഒരാൾക്ക് ഒരു ദിവസത്തെ കൂലി ആയിരം രൂപ. കിട്ടിയതൊക്കെ തീർന്നു. പിന്നെ സഹായമൊന്നും കിട്ടിയില്ലേ? ഇല്ല- സരോജിനി ദൈന്യതയോടെ കൈ മലർത്തുന്നു. രോഗിയായ മകനൊപ്പമാണ് സരോജിനിയുടെ താമസം.

ഇവരുടെ സങ്കടം ആര് കേൾക്കാൻ

പായിപ്പാട് പഞ്ചായത്ത് ഒന്നാംവാർഡിലെ ഉഷാപ്രകാശിന്റെ രോഗിയായ ഭർത്താവ് പ്രളയനാളുകളിലാണ് മരിച്ചത്. വീട് തകർന്നു. വീടു വയ്ക്കാൻ ആദ്യ ഗഡുവായി 95,000 രൂപ അനുവദിച്ചു. അടുത്തഘട്ടം പണം കിട്ടാൻ അടിത്തറ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ വീട് നിർമ്മിക്കും മുമ്പ് തറഭാഗം മണ്ണിട്ട് ഉയർത്തി. അടിസ്ഥാനം നിർമ്മിച്ച് മുക്കാൽ ഭാഗമായപ്പോഴേക്കും പണം തീർന്നു. അടിത്തറ പൂർത്തിയായാലേ ബാക്കി പണം തരികയുള്ളൂ എന്ന് അധികൃതർ.

"മകൻ ചിന്തു കൂലിപ്പണിയെടുത്ത് കൊണ്ടു വരുന്നതുകൊണ്ടാണ് ഞങ്ങൾ കഞ്ഞികുടിച്ച് കഴിയുന്നത്. ചിന്തുവിന് ഭാര്യയും നാലും രണ്ടും വയസുള്ള കുഞ്ഞുങ്ങളുമുണ്ട്. എല്ലാവരും കൂടി കിടക്കുന്നത് ടാർപ്പാളിൻ മറച്ച ഷെഡിലും. " മണിയമ്മ പറഞ്ഞു. ഞങ്ങളെത്തുമ്പോൾ ചിന്തുവിന്റെ ഭാര്യ അഞ്ജിത ഷെഡിൽ കയറിയ വെള്ളം തൂത്ത് കളയുകയാണ്. കുഞ്ഞിനെ തൊട്ടിലൊരുക്കി കിടത്തിയിരിക്കുന്നത് അയൽപ്പക്കത്താണ്. ഉഷയുടെ ഭർത്താവ് മരിച്ചപ്പോൾ വേറെ സ്ഥലമില്ലാത്തതിനാൽ വീട് നിർമ്മിക്കുന്നതിനോടു ചേർന്നാണ് മറവു ചെയ്തത്.

തൊട്ടടുത്തുള്ള ജയകുമാർ -ശ്രീലേഖ ദമ്പതികളുടെ വീടും തകർന്ന നിലയിലാണ്. പട്ടയവും പ്രമാണവും ഉണ്ടെങ്കിലും സർക്കാർ സഹായം ലഭിച്ചിട്ടില്ല. വീട്ടുപകരണങ്ങളും നശിച്ചുപോയി.

(തുടരും)​