തിരുവനന്തപുരം: വെട്ടുകാട് പള്ളിയിലെത്തിയ പ്രവാസിയുടെ ഭാര്യയുടെ ബാഗിൽ നിന്നു ഡയമണ്ട് ഉൾപ്പെടെ മുപ്പതു പവൻ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുമം ഖാൻ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സീമയെയാണ് (38) വലിയതുറ പൊലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ സീമ വെട്ടുകാട് പള്ളിയിൽ വെള്ളി, ഞായർ ദിവസങ്ങളിൽ മുമ്പും മോഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞമാസം 26നാണ് പള്ളിയിൽ ദർശനം നടത്തുന്നതിനിടെ പ്രവാസിയായ ആന്റണി മസ്ക്രീനിന്റെ ഭാര്യ നിർമ്മലയുടെ ബാഗിൽ നിന്ന് സീമ ആഭരണം കവർന്നത്. അമ്പലത്തറയിലുള്ള ബാങ്ക് ലോക്കറിലിരുന്ന സ്വർണാഭരണങ്ങളെടുത്ത ശേഷം പള്ളിയിലെത്തിയതായിരുന്നു ആന്റണി മസ്ക്രീനും കുടുംബവും. നിർമ്മലയെ സീമ നിരന്തരം പിന്തുടരുന്നതിന്റെയും പ്രാർത്ഥനയ്ക്കിടെ പെട്ടെന്ന് പള്ളിയിൽ നിന്നിറങ്ങി കിഴക്കേകോട്ടയിലേക്കുള്ള ബസിൽ കയറി പോകുന്നതിന്റെയും സി.സി ടിവി ദൃശ്യങ്ങൾ വലിയതുറ പൊലീസിന് ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയെ പിടികൂടാനായത്. മോഷ്ടിക്കുന്ന സ്വർണാഭരണങ്ങൾ ഉപയോഗിച്ച് ആർഭാട ജീവിതം നടത്തിവരികയായിരുന്നു ഇവർ. ശംഖുംമുഖം അസി. കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എസ്. സജാദ്, എസ്.ഐമാരായ ജിജിൻ, ജി. ചാക്കോ, പ്രദീപ് കുമാർ, എ.എസ്.ഐമാരായ ഇമാദുദ്ദീൻ, മനോഹരൻ, സീന എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.