ഇടിമിന്നലും മഴയും തടസപ്പെടുത്തിയ രണ്ടാം ട്വന്റി- 20 യിൽ ഇന്ത്യയ്ക്ക് ജയം
രോഹിതിന് അർദ്ധ സെഞ്ച്വറി, സിക്സർ റെക്കാഡ്
ഫ്ളോറിഡ : ഇടിമിന്നലിനെത്തുടർന്ന് തടസപ്പെട്ട വിൻഡീസിനെതിരായ രണ്ടാം ട്വന്റി- 20 യിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയ്ക്ക് 22 റൺസ് വിജയം. ഇതോടെ വിൻഡീസിലെത്തും മുമ്പ് വിൻഡീസിനെതിരായ മൂന്ന് ട്വന്റി- 20കളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.മൂന്നാം മത്സരം ചൊവ്വാഴ്ച വിൻഡീസിലെ പ്രൊവിഡൻസിൽ നടക്കും.
അമേരിക്കയിലെ ലൗഡർഹിൽ സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഒാവറിൽ 167/5 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ വിൻഡീസ് 15.3 ഒാവറിൽ 98/4 എന്ന സ്കോറിലെത്തിയപ്പോഴാണ് മോശം കാലാവസ്ഥകാരണം കളി നിറുത്തേണ്ടിവന്നത്.
അന്താരാഷ്ട്ര ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കാഡോടെ തന്റെ 17-ാം അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെ (67) ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. ശിഖർ ധവാൻ (23), വിരാട് കൊഹ്ലി (28), ക്രുനാൽ പാണ്ഡ്യ (20 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടവും ഉൗർജം പകർന്നപ്പോൾ ഋഷഭ് പന്ത് (4), മനീഷ് പാണ്ഡെ (6) എന്നിവർ നിരാശപ്പെടുത്തി. ജഡേജ നാലുപന്തിൽ ഒൻപത് റൺസുമായി പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ വിൻഡീസിന് രണ്ടാം ഒാവറിൽ എവിൻ ലെവിസിനെയും (0)മൂന്നാം ഒാവറിൽ നരെയ്നെയും (4)നഷ്ടമായതോടെ 8/2 എന്ന നിലയായി. തുടർന്ന് നിക്കോളാസും (19) റോവ്മാൻ പവലും (54)ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എന്നാൽ 14-ാം ഒാവറിൽ ക്രുനാൽ പാണ്ഡ്യ ഇരുവരെയും പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.എന്നാൽ അധികം വൈകാതെ ഇടിയും മിന്നലും മഴയും വന്നതോടെ കളി നിറുത്തിവച്ചു.ഗാലറിയിൽ നിന്ന് കാണികളെയും ഒഴിപ്പിച്ചു.
റോക്കിംഗ് രോഹിത്
ഒാപ്പണിംഗ് വിക്കറ്റിൽ 7.5 ഒാവറിൽ 67 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് രോഹിത്തും ധവാനും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. ഒഷാനെ തോമസ് എറിഞ്ഞ ആദ്യപന്തുതന്നെബൗണ്ടറി കടത്തിയാണ് രോഹിത് തുടങ്ങിയത്. ആദ്യ അഞ്ചോവറിൽ ഇന്ത്യ വിക്കറ്റ് നഷ്ടംകൂടാതെ 39 റൺസ് എന്ന നിലയിലായിരുന്നു.
ആറാം ഒാവറിൽ മീഡിയം പേസർ കീമോ പോളിനെതിരെ രോഹിത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ മത്സരത്തിലെ ആദ്യ സിക്സ് പറത്തി. എട്ടാം ഒാവറിലാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 16 പന്തുകളിൽ മൂന്ന് ബൗണ്ടറികളടക്കം 23 റൺസ് നേടിയരുന്ന ധവാൻ കീമോ പോളിന്റെ പന്തിൽ ക്ളീൻ ബൗൾഡാവുകായിരുന്നു.
തുടർന്ന് ക്യാപ്ടൻ വിരാട് കൊഹ്ലി കളത്തിലിറങ്ങി. ആദ്യ പത്തോവർ പൂർത്തിയാകുമ്പോൾ ഇന്ത്യ 77/1 എന്ന നിലയിലായിരുന്നു. 11-ാം ഒാവറിൽ സുനിൽ നരെയ്നെ സിക്സിന് പറത്തി രോഹിത് അന്താരാഷ്ട്ര ട്വന്റി 20 യിലെ സിക്സുകളുടെ എണ്ണത്തിൽ ക്രിസ് ഗെയ്ലിനെ മറികടന്നു. ഒരു പന്തിന് ശേഷം സിംഗിളിലൂടെ തന്റെ 17-ാം അന്താരാഷ്ട്ര ട്വന്റി 20 അർദ്ധ സെഞ്ച്വറിയും തികച്ചു.
14-ാം ഒാവറിൽ ടീം സ്കോർ 115ൽ നിൽക്കുമ്പോഴാണ് രോഹിത് ശർമ്മ പുറത്താകുന്നത്. ഒഷാനെ തോമസിന്റെ പന്തിൽ ഉയർത്തിയടിക്കാൻ ശ്രമിച്ച രോഹിതിനെ കവറിൽ ഹെട്മേയർ പിന്നോട്ടാടി കൈയിലൊതുക്കുകയായിരുന്നു. 51 പന്തുകൾ നേരിട്ട രോഹിത് ആറ് ഫോറുകളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെയാണ് 67 റൺസ് നേടിയത്.
നിരാശനായി പന്ത്്
നാലാമനായി ക്രീസിലെത്തിയ ഋഷഭ് പന്തിന് (4) അധിക നേരം പിടിച്ചുനിൽക്കാനായില്ല. 16-ാം ഒാവറിന്റെ ആദ്യപന്തിൽ തോമസിന്റെ ബൗളിംഗിൽ പൊള്ളാഡിന് പിടിനൽകി പന്ത് മടങ്ങുമ്പോൾ ഇന്ത്യ 126/3 എന്ന നിലയിലായിരുന്നു. 17-ാം ഒാവറിൽ കൊഹ്ലിയും മടങ്ങി. കോട്ടെറെല്ലിന്റെ പന്തിൽ കുറ്റിതെറിച്ചാണ് 23 പന്തുകളിൽ ഒാരോ ബൗണ്ടറിയും സിക്സുമടിച്ച കൊഹ്ലി തിരിച്ചുനടന്നത്. മനീഷ് പാണ്ഡെ (6) 19-ാം ഒാവറിൽ കൊട്ടെറെല്ലിന്റെ പന്തിൽ നിക്കോളാസിന് ക്യാച്ച് നൽകിയതോടെ ഇന്ത്യ 143/5 എന്ന നിലയിലായി.
20 റൺസ് ഒാവർ
കീമോ പോൾ എറിഞ്ഞ അവസാന ഒാവറിലെ ആദ്യ രണ്ട് പന്തുകളിലും ക്രുനാൽ പാണ്ഡ്യ സിക്സുകൾ പറത്തി. അഞ്ചാംപന്തിൽ ജഡേജയും സിക്സ് പറത്തി. 20 റൺസ് അവസാന ഒാവറിൽ പിറന്നതോടെ ഇന്ത്യ 167/5 എന്ന നിലയിലെത്തുകയായിരുന്നു.
സ്കോർ ബോർഡ്
ഇന്ത്യ ബാറ്റിംഗ് : രോഹിത് സി ഹെട്മേയർ ബി ഒഷാനേ തോമസ് 67, ശിഖർ ധവാൻ ബി കീമോ പോൾ 23, കൊഹ്ലി ബി കോട്ടെറെൽ 28, ഋഷഭ് പന്ത് സി പൊള്ളാഡ് ബി തോമസ് 4, മനീഷ പാണ്ഡെ സി നിക്കോളാസ് ബി കോട്ടെറെൽ, ക്രുനാൽ പാണ്ഡ്യ നോട്ടൗട്ട് 20, ജഡേജ നോട്ടൗട്ട് 9, എക്സ്ട്രാസ് 10, ആകെ 20 ഒാവറിൽ 167/5.
വിക്കറ്റ് വീഴ്ച
1-67 (ധവാൻ), 2-115 (രോഹിത്), 3-126 (ഋഷഭ്), 4-132 (കൊഹ്ലി), 5-143 (മനീഷ്).
ബൗളിംഗ് , ഒഷാനേ തോമസ് 4-0-27-2, കോട്ടെറെൽ 40-25-2, നരെയ്ൻ 4-0-28-0, കീമോപോൾ 4-0-46-1, ബ്രാത്ത് വെയ്റ്റ് 2-0-22-0, പിയറി 2-0-16-0.
റെക്കാഡ് രോഹിത്
അന്താരാഷ്ട്ര ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയിരുന്ന ക്രിസ് ഗെയ്ലിന്റെ (105) റെക്കാഡ് ഇന്നലെ ഇന്ത്യൻ വൈസ് ക്യാപ്ടൻ രോഹിത് ശർമ്മ മറികടന്നു.
ഇന്നലെ മൂന്ന് സിക്സുകൾ പറത്തിയ രോഹിത് 96 ട്വന്റി 20കളിൽനിന്ന് 107 സിക്സുകൾ തികച്ചു.
103 സിക്സുകൾ നേടിയിട്ടുള്ള കിവീസിന്റെ മാർട്ടിൻ ഗപ്ടിലിനാണ് മൂന്നാംസ്ഥാനം.
ഇന്നലെ 11-ാം ഒാവറിൽ സുനിൽ നരെയ്നെതിരെ മത്സരത്തിലെ തന്റെ രണ്ടാം സിക്സ് പറത്തിയാണ് രോഹിത് ഗെയ് ലിനെ മറികടന്നത്.
മറുപടിക്കിറങ്ങിയ വിൻഡീസിന് രണ്ടാം ഒാവറിൽ എവിൻ ലെവിസിനെയും (0)മൂന്നാം ഒാവറിൽ നരെയ്നെയും (4)നഷ്ടമായതോടെ 8/2 എന്ന നിലയായി. തുടർന്ന് നിക്കോളാസും (19) റോവ്മാൻ പവലും (54)ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എന്നാൽ 14-ാം ഒാവറിൽ ക്രുനാൽ പാണ്ഡ്യ ഇരുവരെയും പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.എന്നാൽ അധികം വൈകാതെ ഇടിയും മിന്നലും മഴയും വന്നതോടെ കളി നിറുത്തിവച്ചു.ഗാലറിയിൽ നിന്ന് കാണികളെയും ഒഴിപ്പിച്ചു.