കടയ്ക്കാവൂർ: ദേശീയജലപാത എന്ന സ്വപ്നവുംപേറി തീരമേഖല കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ അനവധിയായി.എന്നാൽ ഇതിന്റെ ഭാഗമായി കോടികൾ ചെലവാക്കി വർക്കല തോട്ടിൽ നെടുങ്ങണ്ട മുതൽ വർക്കല വരെയുണ്ടായിരുന്ന ജലഗതാഗതവും നിലച്ചു.
ഒരുകാലത്ത് നടന്ന വ്യാപാര ഇടപാടുകളിൽ ഏറിയ പങ്കും ഈ ജലപാതയിലൂടെ ആയിരുന്നു.വള്ളത്തിലൂടെ ചരക്കുമായി പോകുന്ന കാഴ്ച പതിയെ മങ്ങി.ചെലവ് കുറഞ്ഞ ചരക്ക് നീക്കമായതിനാൽ പ്രചുരപ്രചാരം നേടുകയും ചെയ്തു.
കാലം മാറി വാഹനങ്ങൾ നിരത്തു കീഴടക്കിയതോടെ ഇതുവഴിയുള്ള ജലഗതാഗതവും വിസ്മൃതിയിലായി.
കൊച്ചി മുതൽ തിരുവനന്തപുരം വരെ ജലപാതയ്ക്ക് സമീപം ഉണ്ടായിരുന്ന കച്ചവട കേന്ദ്രങ്ങളും അടച്ചുപൂട്ടി.
ജലപാതയ്ക്കായി കോടികൾ അനുവദിച്ചെങ്കിലും അധികൃതരുടെ അവഗണന കാരണം പദ്ധതി നടത്തിപ്പ് ഇഴഞ്ഞു നീങ്ങി. പദ്ധതി നടത്തിപ്പിന്റെ ഇഴഞ്ഞ് നീക്കത്തെപ്പറ്റി കേരളകൗമുദി ഒരിക്കൽ എഡിറ്റോറിയൽ എഴുതിയിരുന്നു.പക്ഷേ മെല്ലെ പോക്കിന് യാതൊരു മാറ്റവും ഉണ്ടായില്ല. നാല് വർഷത്തിന് മുൻപ് നെടുങ്ങണ്ട ആറ്റുമുഖപ്പ് മുതൽ പുതിയ പാലം വരെ ഒരു മൈൽ ദൂരം വർക്കല തോട് കുഴിച്ച് ഇരു കരകളും ഭിത്തികെട്ടി ബലപ്പെടുത്തി ബോട്ട് സർവീസ് നടത്താവുന്ന നിലയിലാക്കാൻ ടെൻഡർ കൊടുത്തിരുന്നു. തുടർന്ന് തോട് കുഴിച്ച് മണൽ മാറ്റി ഇരുകരകളിലും ഭിത്തികെട്ടി സമയ ബന്ധിതമായി പണിപൂർത്തിയാക്കി. എന്നാൽ വർഷം നാല് കഴിഞ്ഞിട്ടും ഒരനക്കവുമില്ല. ഇപ്പോൾ തോട്കുഴിച്ച ഭാഗത്ത്മണലിറങ്ങി തോട്ടിൽ വെളളമൊഴുക്ക് കുറഞ്ഞു.
തത്ഫലമായി മൂന്നടി മാത്രമുള്ള ഒരു ചാലുപോലെയായി. മുമ്പ് പുതിയ പാലം വരെ വള്ളത്തിൽ പോകാമായിരുന്ന സൗകര്യവും ഇതോടെ ഇല്ലാതായി. ഇനിയെങ്കിലും സർക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ ഇവിടെ ഒരു തോട് ഉണ്ടായിരുന്നു എന്ന് പറയാൻ കഴിയാത്ത അവസ്ഥയാകും.
ദേശീയ ജലപാത നവീകരിച്ചാൽ സാധനങ്ങൾ കൊണ്ട് വരാനുള്ള ചെലവ് കുറയുമെന്നും അത് സാധനവില കുറയ്ക്കുമെന്നും മനസിലാക്കിയ കേന്ദ്ര സർക്കാർ ഈ ദേശീയ ജലപാത ഗതാഗതയോഗ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു.
അടങ്കൽ തുക: 4.30 കോടി
നിർമ്മാണം ആരംഭിച്ചത്: 2015ൽ
വർക്കല തോട് നവീകരണത്തിന്റെ ഭാഗമായി ആറ്റുമുഖപ്പ് മുതൽ അരുവാളംവരെ ഒരു കിലോമീറ്റർ ദൂരത്തെ പണി അല്പമാത്രം ബാക്കിയിട്ട് പണി നിറുത്തിവച്ചിട്ട് വർഷം നാല് കഴിയുന്നു. ഇൗ ഭാഗത്ത് മണ്ണിറങ്ങിയതോടെ ഗതാഗത സൗകര്യവും നിലച്ചു. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണം.... എച്ച്.അജയകുമാർ, അഞ്ചുതെങ്ങ് പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ.
1825ൽ ഗൌരി പാർവതീബായിയുടെ കാലത്ത് വെട്ടിയ പാർവതീപുത്തനാറിന്റെ അരികിലാണ് വള്ളക്കടവ് (കൽപ്പാലക്കടവ്). തിരുവിതാംകൂർ രാജാക്കന്മാരുടെ ആവശ്യത്തിനായുള്ള പള്ളിയോടങ്ങൾ ഇവിടെ അടുത്തിരുന്നു. കൊല്ലവർഷം 999ൽ ചാന്നാങ്കര മുതൽ തിരുവനന്തപുരം ആറാട്ടു വഴി കൽപ്പാലം വരെ പുതിയതായി തോടുവെട്ടാൻ തുടങ്ങി. 1003ൽ ഈ തോടിന്റെ പണി പൂർത്തിയായി. പിന്നീട് ചാന്നാങ്കര മുതൽ വർക്കല വരെ ഈ തോട് ദീർഘിപ്പിച്ചു. ചാന്നാങ്കര മുതൽ കൽപ്പാലക്കടവ് വരെയുള്ള തോടിന്റെ കരകൾ ഉറപ്പിക്കാൻ നാണൻപുല്ല് നടുന്നതിനും നടുതലകൾ സൂക്ഷിച്ച് വെള്ളംകോരുന്നതിനും നിയമിച്ച വിചാരിപ്പുകാർക്ക് എഴുപത് രൂപ കൊടുത്തതായി 1007ലെ ഹജ്ജൂർ തിരട്ടിൽ രേഖപ്പടുത്തിയിരിക്കുന്നു.
ആലപ്പുഴയും തിരുവനന്തപുരവുമായി കച്ചവടബന്ധം സ്ഥാപിക്കുന്നതിന് ഈ ജലപാത ഒരു കാലത്ത് ഉപയോഗിച്ചിരുന്നു. വേളി കായലിൽ ഉല്ലാസയാത്രക്ക് പോയിരുന്ന രാജകുടുംബാംഗങ്ങൾ ഇവിടെ നിന്നാണ് മുമ്പ് യാത്ര തിരിച്ചിരുന്നത്. രാജവാഴ്ചക്കാലത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിനും ഭദ്രദീപത്തിനും നവരാത്രിക്കും മറ്റുമെത്തുന്ന നമ്പൂതിരിമാരും, പണ്ഡിതൻമാരും, തമ്പ്രാക്കളും സഞ്ചരിച്ചിരുന്നതും ഈ ജലപാതയിലൂടെയാണ്. ബോട്ടുപുരയുടെ പുനരുദ്ധാരണത്തിന് 1992ൽ ചില ശ്രമങ്ങൾ ആരംഭിച്ചു. തിരുവനന്തപുരം മുതൽ ചേർത്തല വരെ യാത്ര ചെയ്യാൻ സാധിച്ചിരുന്ന ഈ ജലപാതയെ തിരുവനന്തപുരം - ചേർത്തല കനാൽ എന്നും വിളിച്ചിരുന്നു.