തിരുവനന്തപുരം: യുവ ഐ.എ.എസ് ഉദ്യാഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ പൊലീസ് നടത്തിയത് നാടകീയനീക്കങ്ങൾ. ഇന്നലെ വൈകിട്ടോടെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിൽ പ്രതിയെ എത്തിച്ചത്. അപകടം നടന്നതുമുതൽ പ്രതിക്കൊപ്പം നിന്ന പൊലീസ് ഇന്നലെയും അതുതന്നെ ആവർത്തിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ നടന്ന രംഗങ്ങൾ...
സ്വകാര്യ ആശുപത്രിയിലെ
923ാം നമ്പർ റൂം
സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് മാറിയ ശ്രീറാം വെങ്കിട്ടരാമന് ലഭിച്ചത് പഞ്ചനക്ഷത്ര സൗകര്യങ്ങളാണ്. രാവിലെ മുതൽ മാദ്ധ്യമങ്ങളിൽ ഇത് വാർത്തയായി. ആശുപത്രിയിലെ ഒമ്പതാം നിലയിലെ 923ാം നമ്പർ എ.സി ഡീലക്‌സ് മുറിയിലായിരുന്നു ശ്രീറാം. ചികിത്സിക്കാൻ സുഹൃത്തുക്കളടക്കമുള്ള ഡോക്ടർമാർ. സാധാരണ ആശുപത്രി മുറിയെക്കാൾ ഇരട്ടി വലിപ്പമുള്ള മുറിയാണിത്. ഇതിനുമാത്രം എന്തു ആരോഗ്യപ്രശ്‌നമാണ് പ്രതിക്കുള്ളതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മജിസ്ട്രേറ്റിന്റെ അനുമതിയുണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി.
പ്രതി ഓൺലൈനിലും..?
പൊലീസ് കാവലിൽ ആശുപത്രിയിൽ കഴിയുന്ന പ്രതി ഇടക്ക് വാട്‌സാപ്പിൽ ഓൺലൈൻ വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇയാൾ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള സംശയവും ശക്തമായി. കഴിഞ്ഞ ദിവസം മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഇയാളെ ആശുപത്രിയിലെത്തി കണ്ടിരുന്നെന്നും സംശയമുണ്ട്.
ഒടുവിൽ പുറത്തേക്ക്
-----------------------------------------------
മുഖത്ത് മാസ്‌ക് ധരിപ്പിച്ച്, ശരീരം പൂർണമായി മൂടിയ നിലയിൽ ശ്രീറാമിനെ കൊണ്ടുവന്നത് മിനിട്ടുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിലും ചർച്ചയായി. മജിസ്ട്രേട്ടിന്റെ നിർദ്ദേശപ്രകാരം ജയിലിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്കും ശ്രീറാമിനെ മാറ്രി. നട്ടെല്ലിന് ഗുരുതരപരിക്കുണ്ടെന്ന് വരുത്തി തീർക്കാൻ സ്വകാര്യ ആശുപത്രിയിലെ റിപ്പോർട്ടുമായാണ് ശ്രീറാം ആംബുലൻസിൽ മജിസ്ട്രേറ്റിനെ കണ്ടത്. ഇതിനിടെ രാത്രി വൈകി മെഡിക്കൽ കോളേജ് ആശുപത്രി പൊലീസ് സെല്ലിൽ നിന്നും ശ്രീറാമിനെ ഐ.സി.യുവിലേക്ക് മാറ്രിയതായും സൂചനയുണ്ട്. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചു.