sriram-venkitaraman

തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗത്തിലോടിച്ച കാറിടിച്ച് തലസ്ഥാനത്ത് പത്രപ്രവർത്തകൻ കെ.എം. ബഷീർ കൊലപ്പെട്ട കേസിൽ റിമാൻഡിലായ സർവ്വേ ‌ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ കഴിയുന്നത് മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റിയിലെ സർജറി ഐ.സി.യുവിൽ. സ്വകാര്യ ആശുപത്രിയിൽ മെഡിക്കൽ കോളേജ് സെല്ലിലേക്ക് ഇന്നലെ രാത്രി മാറ്റിയെങ്കിലും സെല്ലിൽ പ്രവേശിപ്പിക്കാതെ സഹപാഠികളായ ഒരു സംഘം ഡോക്ടർമാർ പൊലീസിന്റെ ഒത്താശയോടെ മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ഐ.സിയുവിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. എം.ബി.ബി.എസുകാരനായ ശ്രീറാമിന് മെഡിക്കൽ വിദ്യാഭ്യാസ കാലയളവിലെ സഹപാഠികളാണ് ഐ.സിയുവിൽ പ്രത്യേക പരിചരണവുമായി രംഗത്തുള്ളത്. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നതുപോലെ ഇവിടെയും സുഖവാസമാണ് ശ്രീറാമിനെന്നാണ് പുറത്തുവരുന്ന വിവരം. റിമാൻഡ് പ്രതിയെന്ന നിലയിൽ പൊലീസ് കാവലിലാണ് ശ്രീറാമെങ്കിലും

റിമാൻഡിൽ കഴിയുന്നതിന്റെ നിയന്ത്രണങ്ങളും കാണാനില്ല.

മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിചാരണ തടവുകാരെ പാർപ്പിക്കുന്ന ഇരുപതാം വാർഡിന് സമീപത്തെ സെൽ റൂമിലേക്ക് ഇന്നലെ രാത്രി 10.30 മണിയോടെ കൊണ്ടുപോയത്. ആശുപത്രിയിൽ നടത്തിയ പരിശോധനകളിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നാണ് സൂചന. രാത്രി പതിനൊന്ന് മണിയോടെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജറി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ ശ്രീറാം ആശുപത്രി സെല്ലിലാണെന്നാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സി.ഐയുടെ വെളിപ്പെടുത്തൽ. ശ്രീറാമിനെ സെല്ലിൽ നിന്ന് സർജറി ഐ.സിയുവിലേക്ക് മാറ്റിയതിനെപ്പറ്റി അറിയില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചിലരും പ്രതികരിച്ചു.

അതേസമയം കേസിൽ ജാമ്യം തേടി ശ്രീറാം ഇന്ന് കോടതിയെ സമീപിക്കും. എന്നാൽ കേസിൽ വിശദമായി ചോദ്യം ചെയ്യാൻ ശ്രീറാമിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. അപകടത്തിന് ശേഷം ആശുപത്രിയിലായിരുന്നതിനാൽ അപകടത്തെപ്പറ്റി അന്വേഷിക്കാനോ മൊഴിയെടുക്കാനോ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ശ്രീറാമിന്റെ ജയിൽവാസം ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും ആക്ഷേപമുണ്ട്. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന അവസരത്തിൽ തന്നെ ഇയാൾക്ക് ജാമ്യം നേടി പുറത്തുപോകാനുള്ള അവസരം സൃഷ്ടിക്കുകയാണ് പൊലീസ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.