police

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാൻ സംസ്ഥാനത്ത് ഇന്നുമുതൽ സംയുക്ത വാഹന പരിശോധന പ്രഖ്യാപിച്ചിരിക്കെ നിയമം ലംഘിച്ചാൽ വി.ഐ.പി വാഹനങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധനയ്ക്ക് വിധേയമാക്കുമോ? . കുടുംബസമേതം യാത്രചെയ്യുന്നവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ഒഴിച്ചാൽ വാഹന പരിശോധനയിൽ ആർക്കും പ്രത്യേക പരിഗണനയുണ്ടാകില്ലെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തലെങ്കിലും ഇത് എത്രമാത്രം ശരിയാകുമെന്ന് കണ്ടറിയണം. ആഡംബര കാറുകളിൽ ചീറിപാഞ്ഞുവരുന്ന വി.ഐ.പികൾക്ക് മുന്നിൽ മുട്ടിടിയ്ക്കാതെ

വാഹനങ്ങൾ പരിശോധിക്കാനും നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാനും പൊലീസ് തയ്യാറാകുമോ എന്നതാണ് ചോദ്യം. തലസ്ഥാനത്ത് യുവ ഐ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിത വേഗത്തിലോടിച്ച കാറിടിച്ച് പത്രപ്രവർത്തകൻ കെ. എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതു സമൂഹത്തിൽ ഉയരുന്ന ചോദ്യമാണിത്. പിടിച്ചാലും സ്വാധീനമുള്ളവർ കൂളായി ഊരിപ്പോകുകയും ചെയ്യും. ഇത് തടയാൻ പൊലീസ് എന്ത് ചെയ്യുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. റോഡുകളുടെ ദുരവസ്ഥയ്ക്കൊപ്പം അമിത വേഗം , അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനം ഓടിയ്ക്കൽ എന്നിവയാണ് സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വ‌ർദ്ധിക്കാൻ ഇടയാക്കുന്നത്. രാത്രികാലങ്ങളിലാണ് അപകട നിരക്ക് കൂടുന്നത്. മദ്യപിച്ചുള്ള ഡ്രൈവിംഗാണ് ഇതിന്റെ പ്രധാന കാരണം. റോഡിലെ വെളിച്ചക്കുറവും അനുവദനീയമായതിലും തീവ്രതയുള്ള ഹെഡ് ലൈറ്റുകളും കാഴ്ച മറയ്ക്കുന്ന ഘടകങ്ങളാണ്.

റോഡ് സുരക്ഷാ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായി മോട്ടർ വാഹനവകുപ്പും പൊലീസും വിവിധ വകുപ്പുകളുമായി സഹകരിച്ചുള്ള സംയുക്ത വാഹനപരിശോധനയാണ് ഇന്ന് ആരംഭിക്കുന്നത്.

ഇരുചക്രവാഹനങ്ങളിലെ എല്ലാ യാത്രക്കാരും ഹെൽമറ്റും കാറുകളിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റും ധരിക്കുന്നുണ്ടോ എന്നത് ഉൾപ്പെടെയുള്ള പരിശോധനകളോടെയാണ് തുടക്കം.

ഓരോ തീയതികളിൽ ഓരോതരം നിയമലംഘനങ്ങൾക്കെതിരെയാകും നടപടി. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ഇന്ന് മുതൽ 7 വരെ സീറ്റ് ബെൽറ്റ്, 8 മുതൽ 10 വരെ അനധികൃത പാർക്കിംഗ്, 11 മുതൽ 13 വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂൾ മേഖലയിൽ), 14 മുതൽ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലൈൻ ട്രാഫിക്കും, 17 മുതൽ 19 വരെ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം,

20 മുതൽ 23 വരെ സീബ്രാ ക്രോസിംഗ്, റെഡ് സിഗ്നൽ ജമ്പിംഗ്, 24 മുതൽ 27 വരെ സ്പീഡ് ഗവേണറും ഓവർലോഡും, 28 മുതൽ 31 വരെ കൂളിംഗ് ഫിലിം, കോൺട്രാക്ട് ക്യാരേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെ തരംതിരിച്ചാണ് പരിശോധന. അമിതവേഗം, മദ്യപിച്ചു വാഹനം ഓടിക്കൽ എന്നിവയ്ക്കു പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇവർക്കു റോഡ് സുരക്ഷയെക്കുറിച്ച് ഒരു ദിവസത്തെ ക്ലാസും നൽകും.