വിയന്നയിൽ നദിയിൽ ചാടി മരിച്ച പെൺകുട്ടി, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സ്വയം വെടിവച്ച് മരിച്ച കടയുടമ, ലണ്ടനിൽ മരുന്നുകൾ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്‌ത യുവതി... ഇവരുടെ മരണങ്ങൾക്കെല്ലാം തമ്മിൽ ബന്ധമുണ്ട്! ഇവരെയെല്ലാം ആത്മഹത്യയിലേക്ക് നയിച്ച കാരണം ഒന്നാണ്. 'ഗ്ലൂമി സൺഡേ' അഥവാ 'ഹംഗേറിയൻ ആത്മഹത്യാഗാനം '! ലോകത്തെ ഏറ്റവും പ്രസിദ്ധവും അതേസമയം കുപ്രസിദ്ധവുമായ ഗാനം ഏതെന്ന് ചോദിച്ചാൽ അതിനുത്തരം ഗ്ലൂമി സൺഡേ എന്നാണ്. ഇതിന്റെ രചയിതാവുൾപ്പെടെ നൂറിലേറെപേർ ഈ ഗാനം കേട്ട് ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്. നിരവധി രാജ്യങ്ങൾ റേഡിയോയിലൂടെ ഈ ഗാനം കേൾപ്പിക്കാൻ വിസമ്മതിച്ചത്രെ.
ഹംഗറിക്കാരനായ റെസോ സെരെസ് എന്ന പിയാനോ വിദഗ്ദ്ധൻ 1933ലാണ് ഗ്ലൂമി സൺഡേ ചിട്ടപ്പെടുത്തുന്നത്. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ സമയമായിരുന്നു അത്. കവിയും റെസോയുടെ സുഹൃത്തുമായ ലാസോ ജാവോർ ഈ ഗാനത്തെ തന്റെ പ്രണയിനിയ്ക്കായി ഒന്നുകൂടി തീവ്രമായി ചിട്ടപ്പെടുത്തുകയുണ്ടായി.
ഗാനം പുറത്തിറങ്ങി ആഴ്ചകൾക്കുള്ളിൽ ജാവറിന്റെ കാമുകി ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു. അവർ മരിച്ചു കിടന്നിരുന്ന മുറിയിൽ അന്നേരം ഗ്രാമഫോണിൽ ഗ്ലൂമി സൺഡെ ഗാനം കേൾക്കുന്നുണ്ടായിരുന്നു. ആത്മഹത്യാ കുറിപ്പിലും ഗാനത്തെപ്പറ്റി പരാമർശം ഉണ്ടായിരുന്നു.
ആത്മഹത്യയ്‌ക്ക് പ്രേരിപ്പിക്കുന്നുവെന്ന് ശക്തമായ വാദങ്ങൾ ഉയർന്നതോടെ ഗ്ലൂമി സൺഡെ പൊതുവേദികളിൽ ആലപിക്കരുതെന്ന് ഹംഗേറിയൻ സർക്കാർ ഉത്തരവിട്ടു. 1936ൽ സാം എം. ലൂയിസ് എന്ന കവി ഇത് ഇംഗീഷിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. ഇംഗ്ലണ്ടും ബി.ബി.സിയും ഈ ഗാനം നിരോധിച്ചിരുന്നു.
1984ൽ ഇംഗ്ലീഷ് ഗായകൻ ഓസി ഒസ്ബോൺ റെക്കോർഡ് ചെയ്ത ഗ്ലൂമി സൺഡേ ഗാനം കേട്ട് തങ്ങളുടെ കൗമാരക്കാരനായ മകൻ ആത്മഹത്യചെയ്തെന്ന് ആരോപിച്ച് മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ഗാനത്തെ ആസ്പദമാക്കി 1999ൽ പുറത്തിറങ്ങിയ ' ഗ്ലൂമി സൺഡേ - എ സോംഗ് ഒഫ് ലവ് ആൻഡ് ഡെത്ത് ' എന്ന ജർമൻ സിനിമക്കെതിരെയും ആരോപണങ്ങൾ ഉയർന്നു. ഈ ഗാനം രചിച്ച റെസോ സെരസ് 1968ൽ ബുഡാപെസ്റ്റിലെ അപ്പാർട്ട്മെന്റിന്റെ ജനാല വഴി ചാടി ആത്മഹത്യ ചെയ്തതും ഏവരേയും ഞെട്ടിച്ചു.