തിരുവനന്തപുരം: എം.എൽ.എയ്ക്ക് മർദ്ദനമേറ്റ എറണാകുളം ലാത്തിച്ചാർജ് വിവാദത്തിൽ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി വൈകവേ, മൗനം വെടിഞ്ഞ് വിമർശനവുമായി സി.പി.ഐ രംഗത്ത്. ഐ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമനെ വഴിവിട്ടു സഹായിച്ചത് ചൂണ്ടിക്കാട്ടി പൊലീസിനെ കടന്നാക്രമിക്കുന്ന, 'ഈ പൊലീസിനെ തിരുത്തുക തന്നെ വേണം' എന്ന മുഖപ്രസംഗത്തിലാണ് സി.പി.ഐയുടെ മുഖപത്രം എറണാകുളം സംഭവത്തിലെ നടപടി വൈകുന്നതിലുള്ള വിമർശനവുമുയർത്തിയിരിക്കുന്നത്.
നടപടികളിലെ കാലവിളംബം ചില സംഭവങ്ങളിലെങ്കിലും ആവർത്തിക്കാൻ ഇടയാകുന്നുവോ എന്ന സംശയം സ്വാഭാവികമാണെന്ന് സി.പി.ഐ മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
'എറണാകുളത്ത് സി.പി.ഐ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജ് വിവാദം കെട്ടടങ്ങിയിട്ടില്ല.
കളക്ടറുടെ റിപ്പോർട്ടുണ്ടായിട്ടും ഗുരുതരമായ കൃത്യവിലോപം നടത്തിയ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതും വിമർശനവിധേയമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിലോടിച്ച വാഹനമിടിച്ച് മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യമുണ്ടായ സംഭവം പൊലീസിലെയും ഉദ്യോഗസ്ഥമേഖലയിലെയും പുഴുക്കുത്തുകളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്. പരസ്പരവിരുദ്ധമായ പൊലീസിന്റെ വിശദീകരണങ്ങളും നിലപാടുകളും പരിശോധിച്ചാൽ തന്നെ എന്തൊക്കെയോ കള്ളക്കളികൾക്ക് പൊലീസ് ശ്രമിച്ചുവെന്ന് വ്യക്തമാകും.
ചിലരെങ്കിലും കാട്ടിക്കൂട്ടുന്ന കസ്റ്റഡിമരണങ്ങളുടെയും അലംഭാവങ്ങളുടെയും നീതിരഹിതമായ നടപടികളുടെയും പേരിൽ പൊലീസ് സംവിധാനത്തിനാകെ നാണക്കേടുണ്ടാകുന്ന സാഹചര്യം ആത്യന്തികമായി ഭരണത്തിന്റെ സൽപ്പേരിനെയും ബാധിക്കാനിടയാക്കുന്നുണ്ട്.
നെടുങ്കണ്ടത്തെ കസ്റ്റഡിമരണത്തിന്റെ പേരിൽ ഈ സർക്കാർ കേൾക്കേണ്ടി വന്ന പഴിക്ക് കണക്കില്ല.
പ്രവർത്തനമികവിന്റെ പേരിൽ ക്രമസമാധാനപാലന രംഗത്ത് അംഗീകാരങ്ങളും അനുമോദനങ്ങളും ലഭ്യമാകുമ്പോൾ തന്നെ അതിന് അപവാദമായ സംഭവങ്ങളും ആവർത്തിക്കുന്നുവെന്നത് ഗുരുതരമായ പ്രശ്നമാണ്. കേരളം പ്രതീക്ഷിക്കുന്നതും എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുവച്ചതുമായ പൊലീസ് നയത്തിന് വിരുദ്ധമാണിത്. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ കൂടുതൽ കർശനനടപടികളുണ്ടാവണമെന്നും സി.പി.ഐ ഓർമ്മിപ്പിക്കുന്നു.