1

പൂവാർ: അരനൂറ്റാണ്ട് പിന്നിടുന്ന കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ മന്ദിരം ഇന്ന് ഏറെ ക്ഷീണാവസ്ഥയിലാണ്. കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ വില്ലേജിന്റെ കുറച്ച് ഭാഗങ്ങളും ഉൾപ്പെടുന്നതാണ് സ്റ്റേഷൻ അതിർത്തി. 1960 കളിലാണ് കാഞ്ഞിരംകുളത്ത് ആദ്യമായി പൊലീസ് സ്റ്റേഷൻ സ്ഥാപിതമാകുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടമുണ്ടാകുന്നത് 1969ലാണ്. 50 വർഷം പിന്നിടുമ്പോൾ കെട്ടിടം വാർഷിക അറ്റകുറ്റപ്പണികളിൽ മിനുങ്ങുന്നതല്ലാതെ ശാശ്വതമായി ക്ഷിണാവസ്ഥ തരണം ചെയ്യാനുള്ള ഏതൊരു മുൻകരുതലുകളും ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ആകെ 38 ജീവനക്കാരാണ് സ്റ്റേഷനിലുള്ളത്. മിക്ക പൊലീസ് ഉദ്യോഗസ്ഥരും സമീപ പ്രദേശവാസികളായതിനാൽ താമസ സൗകര്യം ഒരു പ്രധാന വിഷയമായിട്ടില്ല. എന്നാൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് മാറി വരുന്നവർ താമസ സൗകര്യത്തിനായി വീർപ്പുമുട്ടുകയാണ്. ഇവിടത്തെ ഉപയോഗശൂന്യമായ ഫാമിലി ക്വോർട്ടേഴ്സുകളിലൊന്നിലാണ് ഇപ്പോഴത്തെ സി.ഐ താമസിക്കുന്നത്. ജീവനക്കാർക്ക് താമസിക്കാനായി ഇതോടൊപ്പം പണിതുയർത്തിയ ക്വോർട്ടേഴ്സ് മന്ദിരങ്ങൾ എല്ലാം ഏത് നേരവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ആകെ 15 കെട്ടിടങ്ങളാണ് ഫാമിലി ക്വോർട്ടേഴ്സുകളായി നിർമ്മിച്ചത്. ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയ വീടുകളിൽ പലതും ഇടിഞ്ഞ് വീണിട്ടുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് പിടിച്ചെടുത്ത വാഹനങ്ങൾ പലതും ഈ കെട്ടിടങ്ങളുടെ മുന്നിൽ കിടന്ന് തുരുമ്പിച്ച് നശിക്കുകയാണ്.

ഡോഗ് സ്കോഡിന്റെ ഒരു വിങ്ങ് പ്രവർത്തിക്കുന്നത് ഇവിടെ

ജില്ലയിലെ ഡോഗ് സ്കോഡിന്റെ ഒരു വിങ്ങ് പ്രവർത്തിക്കുന്നത് ഈ പൊളിഞ്ഞ കെട്ടിടങ്ങൾക്കുള്ളിലാണ്‌. ഡോഗ്‌ സ്കോഡിന്റെ ജില്ലയിലെ ഒരു പ്രധാന കേന്ദ്രമായാണ് വെള്ളറട അറിയപ്പെട്ടിരുന്നത്. ആ കേന്ദ്രമാണ് ഇപ്പോൾ കാഞ്ഞിരംകുളത്ത് പ്രവർത്തിച്ചു വരുന്നത്. ഇന്ന് ഡോഗ്‌ സ്കോഡിന് പ്രാധാന്യം ഏറിവരുന്ന സാഹചര്യത്തിൽ കാഞ്ഞിരംകുളത്തെ ഡോഗ്‌ സ്കോഡിന്റെ കേന്ദ്രത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അരനൂറ്റാണ്ട് പിന്നിടുന്ന പൊലീസ് സ്റ്റേഷനും അതിന് പിറകിലെ ജീവനക്കാരുടെ ഫാമിലി ക്വോർട്ടേഴ്സും പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.