dam

കാട്ടാക്കട: മേൽക്കൂര തകർന്നും പരിസരമാകെ കാടുപിടിച്ചും ഏത് നിമിഷവും നിലംപൊത്താറായ നിലയിലാണ് നെയ്യാർ ഡാം പോസ്റ്റ് ഓഫീസ്. തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രത്തിലെ പോസ്റ്റാഫീസിനാണ് ഈ ദുർഗതി. ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ തീർക്കാനോ സൗകര്യമുള്ള മറ്റൊരു സ്ഥത്ത് മാറ്റി സ്ഥാപിക്കാനോ പോസ്റ്റൽ അധികൃതരോ ഇറിഗേഷൻ അധികൃതരോ തയ്യാറാകുന്നില്ലന്ന് ആക്ഷേപമുയരുകയാണ്. മഴയത്ത് ചോർന്നൊലിക്കുന്നുണ്ടെങ്കിലും ഈ കെട്ടിടത്തിൽ ജീവൻ പണയം വച്ച് മൂന്നുപേർ ജോലിനോക്കുന്നുമുണ്ട്. ഇവരുടെ ദുർഗതി കേൾക്കാൻ മാത്രം ആരുമില്ല.

പരാധീനതകളുടെ നടുവിൽ പൊട്ടി പൊളിഞ്ഞും കാടിന് നടുവിലായി സ്ഥിതി ചെയ്യുന്ന നെയ്യാർ ഡാം പോസ്റ്റ് ഓഫീസിൽ മനുഷ്യരേക്കാൾ കൂടുതൽ എത്തുന്നത് ഇഴജന്തുക്കളാണ്. സ്ഥിരമായി വരുന്നവർക്കല്ലാതെ ഇവിടെയൊരു ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ കഴിയില്ല. ഓഫീസ് കെട്ടിടത്തിന് മുന്നിലും വശങ്ങളിലുമുള്ള കുറ്റിക്കാടിന് പുറമെ മുന്നിൽ പൊട്ടിയ മാർബിൾ കഷ്ണങ്ങളും, മാർബിൾ സ്റ്റാൻഡും ഉപേക്ഷിച്ച നിലയിൽ കിടപ്പുണ്ട്. കെട്ടിടത്തിന്റെ മറ്റു രണ്ടു മുറികൾ മുഴുവൻ മാറാലയും പൊടിയും ,പാഴ് വസ്തുക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കെട്ടിടത്തിന്റെ ഒരു വശത്ത് വൈദ്യുതി പോലും ഇല്ലാത്ത കുടുസു മുറിയിലാണ് നെയ്യാർഡാം പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്.

പൊട്ടി പൊളിഞ്ഞ ഓടുകൾക്കു മുകളിൽ സോളാർ പാനൽ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതും പ്രവർത്തന രഹിതമാണ്‌. പോസ്റ്റ് മാസ്റ്റർ ഉൾപ്പടെ മൂന്നു വനിതാ ജീവനക്കാർ ജോലിചെയ്യുന്ന ഈ മുറിയിലേക്ക് വെളിച്ചം കടന്നു വരുന്നത് ജനാലകൾക്കും വാതിലുകൾക്കുമൊപ്പം പൊട്ടിയ ഓടുകൾക്കിടയിലൂടെയുമാണ്. കെട്ടിടത്തിന്റെ ഓട് പാകിയ മേൽക്കൂര പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഈ കെട്ടിടത്തിലെ രണ്ട് മുറികൾ വാതിലുകൾ തകർന്ന് കിടക്കുകയാണ്. പൊളിഞ്ഞ കെട്ടിടത്തതിൽ നിന്ന് പോസ്റ്റാഫീസ് അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.