തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം ആദ്യഘട്ടത്തിന്റെ പുരോഗതി വിലയിരുത്താനുള്ള ആദ്യ യോഗം ഇന്ന് രാവിലെ 11ന് നടക്കും. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ വിളിച്ച യോഗത്തിൽ പൊതുഭരണവകുപ്പിലെ അസിസ്റ്റന്റ് മുതൽ സ്‌പെഷ്യൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.
യജ്ഞത്തിന്റെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ ഫയലുകൾ തരംതിരിക്കുന്ന ജോലികളാണ് നടന്നത്. എല്ലാ വകുപ്പുകളിലെയും തരംതിരിക്കൽ പൂർത്തിയായതിനാൽ തുടർനടപടികൾ യോഗം ചർച്ച ചെയ്യും. പൊതുഭരണത്തിന് കീഴിലുള്ള വകുപ്പുകളുടെ ചുമതലയുള്ള നോഡൽ ഓഫീസർമാർ റിപ്പോർട്ട് അവതരിപ്പിക്കും. . അദാലത്തുകൾ എന്നുമുതൽ നടത്തണമെന്നതിലും ധാരണയിലെത്തിയേക്കും.
ഏറ്റവും കൂടുതൽ ഫയലുകൾ തരംതിരിക്കാനുണ്ടായിരുന്ന റവന്യൂ വകുപ്പിലും ജോലികൾ പൂർത്തിയായിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്ര് വകുപ്പുകളിലും അവലോകനയോഗം ചേരും. ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ഓരോ വകുപ്പിലെയും നോഡൽ ഓഫീസർമാർ വിലയിരുത്തുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ വകുപ്പ് സെക്രട്ടറിമാർ പരിശോധിക്കും. ഇതിന്റെ വിശദാംശങ്ങൾ നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് നൽകും. ആദ്യ റിപ്പോർട്ട് 15ന് സമർപ്പിക്കും. സംസ്ഥാനത്തൊട്ടാകെ ജില്ലാതലം വരെ തീർപ്പാകാനുള്ള ഫയലുകൾ 31നകവും വകുപ്പ് അദ്ധ്യക്ഷ തലത്തിലുള്ളവ സെപ്തംബർ 30നകവും തീർപ്പാക്കും.
ഗതാഗതമന്ത്രിയും
യോഗം വിളിച്ചു
ഫയൽ തീർപ്പാക്കലുകൾ സംബന്ധിച്ച വിലയിരുത്തലിനായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് 3ന് ചേംബറിൽ അവലോകനയോഗം ചേരും. ഗതാഗത സെക്രട്ടറിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.