വെള്ളറട: വെള്ളറട -കാട്ടാക്കട റോഡിൽ പൊന്നമ്പിയിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ ഓഫീസിലെ പൂട്ട് തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷത്തി എഴുപതിനായിരം രൂപ കവർന്നു. രാത്രി പമ്പ് പ്രവർത്തനം കഴിഞ്ഞശേഷം സെക്യൂരിറ്റി ജീവനക്കാരൻ ഉറങ്ങിയതായി പറയുന്നു. രാവിലെ എണീറ്റ് നോക്കുമ്പോഴാണ് ഓഫീസിന്റെ ഗ്ളാസ് ഡോർ തകർത്തനിലയിൽ കണ്ടത്. തുടർന്ന് മാനേജരെയും മറ്റും വിവരമറിയിക്കുകയായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് പണം കവർന്നതറിയുന്നത്. രണ്ടു ദിവസമായി വിറ്റ തുക അലമാരയിൽ സൂക്ഷിച്ചിരുന്നതായി പറയുന്നു. പമ്പിൽ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. കൂടുതൽ അന്വേഷണത്തിനായി ഡോഗ് സ്ക്വാഡും സയന്റിഫിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വാവോട് ഏഞ്ചൽ ഗാർഡനിൽ സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ളതാണ് പമ്പ്. ജീവനക്കാരെയും ചോദ്യം ചെയ്തുവരുന്നു.