3

വിഴിഞ്ഞം: ചരിത്രപ്രാധാന്യമുള്ള ഊറ്ററ ചിദംബരനാഥ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണപതി വിഗ്രഹം പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി മാറ്റണമെന്ന് ക്ഷേത്ര ട്രസ്റ്റ് ആവശ്യപ്പെട്ടു. ആയിരം വർഷങ്ങൾക്കു മുൻപ് തെക്കൻ കേരളം ഭരിച്ചിരുന്ന ആയ് രാജവംശം നിർമിച്ച നാല് ക്ഷേത്രങ്ങളാണ് ഇപ്പോൾ വിഴിഞ്ഞം പ്രദേശത്ത് നിലവിലുള്ളത്. അതിൽ പ്രധാനമാണ് ഊറ്ററ ക്ഷേത്രം. ഇവിടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണപതി വിഗ്രഹമുള്ളത്. ഇന്ത്യയിൽ തന്നെ വിവിധ ഭാഗങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഗണപതി വിഗ്രഹങ്ങളുടെ 32 ഭാവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ഗണപതി വിഗ്രഹം. നൂറ്റാണ്ടുകളുടെ ചരിത്രം പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ കാലം കാത്തുവച്ച ഈ ശില സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും സർക്കാരിന്റെ മേൽനോട്ടം ആവശ്യമാണെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു. ചരിത്ര വിദ്യാർത്ഥികൾക്കും ശില്പകല വിദ്യാർത്ഥികൾക്കും മറ്റു ഗവേഷകർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഈ ശില്പം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണം എന്നാണ് ആവശ്യം. ഇതിനായി നിവേദനങ്ങൾ പുരാവസ്തു വകുപ്പ് മന്ത്രിക്കും സ്ഥലം എം.എൽ. എയ്ക്കും നൽകാനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്ര ട്രസ്റ്റ്.