mullappally

തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും കശാപ്പ് ചെയ്ത കറുത്ത ദിനമായി 2019 ആഗസ്റ്റ് 5 ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയെ പിച്ചിച്ചീന്തിയും പാർലമെന്റിനെ നോക്കുകുത്തിയാക്കിയുമാണ് ജമ്മുകാശ്മീർ നിവാസികൾക്ക് പ്രത്യേക അവകാശങ്ങൾ നല്കുന്ന 35 എ, 370 എന്നീ ഭരണഘടനാ വകുപ്പുകൾ എടുത്തു കളഞ്ഞത്. ഇത്രയും നാളും കാശ്മീരിനെ ഇന്ത്യയോടു ചേർത്തു നിറുത്തിയത് ഈ പ്രത്യേക അധികാരാവകാശങ്ങളായിരുന്നു. ഇവ റദ്ദാക്കിയതോടെ ഇനി വരാനിരിക്കുന്നത് അശാന്തിയുടെ നാളുകളായിരിക്കും.
ജമ്മു കാശ്മീരിൽ ഭൂമി വാങ്ങുന്നതിനും താമസിക്കാനുമുള്ള അവകാശം, സർക്കാർ ജോലികളിൽ സംവരണം, പഠനത്തിന് സർക്കാർ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരവാസികൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നത് എടുത്തു കളയുന്നതോടെ അവിടത്തെ ജനസംഖ്യാപരമായ അവസ്ഥയിൽ പോലും മാറ്റം വരും. അത് കൂടുതൽ സംഘർഷത്തിനും ഇടവരുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.