തിരുവനന്തപുരം: എസ്.ഐ.യു.സി വിഭാഗത്തിന് വിദ്യാഭ്യാസ സംവരണം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ദക്ഷിണ കേരള മഹായിടവക ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തി. ജനറൽ സെക്രട്ടറി ഡി.ലോറൻസ് ഉദ്ഘാടനം ചെയ്തു. ഈ അദ്ധ്യയന വർഷം മുതൽ എസ്.ഐ.യു.സി സംവരണം പ്രൊഫഷണൽ വിദ്യാഭ്യാസ സംവരണ ലിസ്റ്റിൽ നിന്ന് തുടച്ചു മാറ്റിയെന്നും കാരക്കോണം മെഡിക്കൽ കോളേജിലെ എസ്.ഐ.യു.സി സംവരണം നഷ്ടമായതിനെ തുടർന്ന് മുഖ്യമന്ത്റിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സംവരണ നിഷേധത്തിനെതിരെ പ്രതിഷേധിച്ചില്ലെങ്കിൽ പൊതു വിദ്യാഭ്യാസ മേഖലയിലും പി.എസ്.സിയിലുമുള്ള സംവരണം എന്നന്നേക്കുമായി നഷ്ടമാകുമെന്നും അദേഹം പറഞ്ഞു. പ്രസിഡന്റ് ഇളവട്ടം ബി മോഹനൻ, സെക്രട്ടറി എസ്.പി. ശ്രീജിത്ത്, രക്ഷാധികാരി ബാലരാജ്, ജോയിന്റ് സെക്രട്ടറി ക്രിസ്റ്റഫർ, ട്രഷറർ രാജാമണി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എസ്.ഐ.യു.സി വിഭാഗത്തിന്റെ വിദ്യാഭ്യാസ സംവരണം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള മെമ്മോറാണ്ടം ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നൽകി.