ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവിയും അവകാശങ്ങളും റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ചരിത്രത്തിലെ വലിയൊരു തെറ്റാണ് തിരുത്തപ്പെടുന്നത്. മോദി സർക്കാരിന്റെ ഐതിഹാസികമെന്ന് പറയാവുന്ന ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷത്തു നിന്നും കനത്ത പ്രതിഷേധവും അമർഷവും ഉയർന്നു കൊണ്ടിരിക്കുകയാണെങ്കിലും രാജ്യത്തിന്റെ അഖണ്ഡത കൂടുതൽ അർത്ഥവത്താക്കുന്ന നടപടിയായി വേണം ഇതിനെ കാണാൻ.
സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ടിനോടടുത്തിട്ടും മുഖ്യധാരയിൽ നിന്ന് അകന്നു നിൽക്കാനും പലപ്പോഴും വെല്ലുവിളി ഉയർത്താനും ജമ്മു കാശ്മീരിന് സഹായകമായത് ഭരണഘടന അനുവദിച്ചുകൊടുത്ത പ്രത്യേക പദവിയാണ്. തങ്ങൾ വീണ്ടും അധികാരത്തിൽ വന്നാൽ ജമ്മു കാശ്മീരിന് ഭരണഘടനയിലെ 370, 35 (എ) വകുപ്പുകൾ പ്രകാരമുള്ള പ്രത്യേക പദവിയും അവിടുത്തെ ജനങ്ങൾക്കുള്ള വിശേഷ അധികാരങ്ങളും എടുത്തുകളയുമെന്ന് ബി.ജെ.പിയുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ ലഭിച്ച മികച്ച ഭൂരിപക്ഷം വാഗ്ദാനം പ്രാബല്യത്തിൽ കൊണ്ടുവരാൻ സഹായകവുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കാശ്മീരിൽ അത്യസാധാരണമായ സേനാനീക്കങ്ങൾക്ക് കേന്ദ്രം നടപടിയെടുത്തിരുന്നു. അമർനാഥ് തീർത്ഥാടകരെയും വിനോദ സഞ്ചാരികളെയും മടക്കി വിളിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പത്തുദിവസത്തെ അവധി പ്രഖ്യാപിക്കുകയും നിരീക്ഷണം വിപുലമാക്കുകയും ചെയ്തതു കണ്ടപ്പോൾ തന്നെ അസാധാരണ നടപടികൾക്കുള്ള പുറപ്പാടാണെന്ന് സൂചന ലഭിച്ചിരുന്നു. ഞായറാഴ്ച അർദ്ധരാത്രിയോടെ കാശ്മീരിലെ രാഷ്ട്രീയ കക്ഷി നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയിരുന്നു. രാഷ്ട്രീയ യോഗങ്ങളും പ്രകടനങ്ങളും പാടെ നിരോധിച്ചു. സംസ്ഥാനമൊട്ടാകെ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അട്ടിമറിക്കും അക്രമങ്ങൾക്കുമുള്ള സാദ്ധ്യത കണക്കിലെടുത്ത് മുക്കിലും മൂലയിലും വരെ സായുധസേനയുടെ കാവലും ഏർപ്പെടുത്തിക്കഴിഞ്ഞു. പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ അതിർത്തികളിലും കാവൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
പ്രതീക്ഷിച്ചതുപോലെ പാർലമെന്റിലും പുറത്തും കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധമുണ്ട്. ഭരണഘടനയുടെ താളുകൾ കീറിയെറിഞ്ഞും മുദ്രാവാക്യങ്ങൾ മുഴക്കിയും സഭയിൽ പ്രതിപക്ഷ അംഗങ്ങൾ കാശ്മീർ പ്രമേയം അവതരിപ്പിച്ച ആഭ്യന്തരമന്ത്രി അമിത്ഷായെ സംസാരിക്കാൻ അനുവദിച്ചില്ല. ഇതൊക്കെ സ്വാഭാവിക പ്രതികരണം മാത്രമായി കണ്ടാൽ മതി. ഏഴ് പതിറ്റാണ്ടിലേറെയായി കാശ്മീർ പ്രത്യേക പദവിയോടെ നിലകൊണ്ടിട്ടും മാറി മാറി സംസ്ഥാനം ഭരിച്ച കുറച്ചു രാഷ്ട്രീയ മേലാളന്മാർക്കല്ലാതെ ജനങ്ങൾക്ക് വലിയ ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. സഞ്ചാരികളുടെ പറുദീസയെന്നും ഭൂമിയിലെ സ്വർഗമെന്നും മറ്റുമായിരുന്നു കാശ്മീർ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വിനോദസഞ്ചാര മേഖല വഴിയുള്ള വരുമാനമായിരുന്നു മുഖ്യം. എന്നാൽ, രാഷ്ട്രീയ അനിശ്ചിതത്വവും തീവ്രവാദികളുടെയും ഭീകരഗ്രൂപ്പുകളുടെയും വിധ്വംസക പ്രവർത്തനങ്ങളും കാരണം ആ മേഖലയും തകരുകയാണുണ്ടായത്. കാശ്മീരിൽ പുറത്തുനിന്നുള്ളവർക്ക് ഭൂമി വാങ്ങാനോ നിക്ഷേപം നടത്താനോ നിയമം അനുവദിക്കാത്തതിനാൽ വ്യവസായമേഖല അമ്പേ ദരിദ്രമാണ്. തൊഴിലില്ലായ്മയും പട്ടിണിയുമാണ് അതിന്റെ ഫലം. യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മയാണ് അവരെ തീവ്രവാദത്തിലേക്ക് നയിക്കാൻ പ്രധാന കാരണം. കാശ്മീരിലെ സ്ത്രീകൾക്കും സംസ്ഥാനത്തിന്റെ പ്രത്യേക പദവി വലിയ ദോഷം ചെയ്തിരുന്നു. അവർക്ക് കാശ്മീരികളെ മാത്രമേ വിവാഹം ചെയ്യാൻ അവകാശമുണ്ടായിരുന്നുള്ളൂ. അഥവാ പുറത്തുള്ളവരെ വിവാഹം ചെയ്താൽ കാശ്മീരി എന്ന പരിഗണന നഷ്ടമാകും. കുട്ടികൾക്കും പിന്തുടർച്ചാവകാശങ്ങൾ നഷ്ടമാകും. ഇന്ത്യ ഒന്നാണെന്നും ഭരണഘടന രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഒരുപോലെ ബാധകമാണെന്നും പറയുന്നവർ തന്നെ കാശ്മീരിന്റെ കാര്യം വരുമ്പോൾ സ്വരം മാറ്റാറുണ്ട്. വിമർശകർ എന്തൊക്കെ പറഞ്ഞാലും ജമ്മു കാശ്മീരിനെ മുഖ്യധാരയിൽ എത്തിക്കാനും അതിന്റെ സർവതോന്മുഖമായ വികസനത്തിനും ഉതകുന്നതാണ് കേന്ദ്രം ഇപ്പോൾ കൈക്കൊണ്ട നടപടിയെന്ന് കരുതുന്നതിൽ തെറ്റില്ല.
ഭരണഘടനയിൽ ആദ്യകാല ഭരണാധികാരികൾ എഴുതിച്ചേർത്ത, ഇന്നത്തെ കാലത്തിനു നിരക്കാത്ത വ്യവസ്ഥകൾ എടുത്തുകളയുന്നത് വലിയ പാതകമൊന്നുമല്ല. അതിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നവർ രാഷ്ട്രീയക്കണ്ണാടി വച്ചു കാര്യങ്ങൾ കാണുന്നതിനാലാണ് ദോഷം മാത്രം ദൃഷ്ടിയിൽപ്പെടുന്നത്. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്ത് ഒരു പ്രദേശം പ്രത്യേകാവകാശങ്ങളോടും പദവിയോടും കൂടി വർത്തിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ നിരക്കാത്തതാണ്. കാശ്മീരിന്റെ കാര്യത്തിൽ നിയമനിർമ്മാണ സഭപോലും ഇതര സംസ്ഥാനങ്ങളുടേതിൽ നിന്നും വ്യത്യസ്തമാണ്. ആറ് വർഷമാണ് കാശ്മീർ സഭയുടെ കാലാവധി. കാശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്രം നിയമനിർമ്മാണം നടത്തണമെങ്കിൽപോലും അവിടത്തെ നിയമസഭയുടെ അനുമതി തേടണമെന്നാണ് വ്യവസ്ഥ. കാശ്മീരിൽ സർക്കാർ ജോലിയും ഭൂമിയിലുളള അവകാശവും സ്കോളർഷിപ്പുമൊക്കെ പുറത്തുള്ളവർക്ക് അർഹതപ്പെട്ടതല്ല. ഭരണഘടനയിൽ താത്കാലിക വകുപ്പായാണ് 370-ാം വകുപ്പ് എഴുതിച്ചേർത്തതെന്നതും സ്മരണീയമാണ്. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശമായി മാറും. ലഡാക്ക് നേരിട്ടുള്ള കേന്ദ്രഭരണത്തിൻ കീഴിലാകും. പുതിയ മാറ്റത്തെ കാശ്മീർ ജനത ഏതുതരത്തിലാകും സ്വീകരിക്കുക എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ദീർഘമായ പോരാട്ടത്തിന് തയാറാകാൻ വിഘടനവാദികൾ ആഹ്വാനം ചെയ്തുകഴിഞ്ഞു. നാഷണൽ കോൺഫറൻസ്, പി.ഡി.പി തുടങ്ങിയ മുഖ്യപാർട്ടികളും കേന്ദ്ര തീരുമാനത്തെ എതിർക്കുന്നവരാണ്. കോൺഗ്രസും ഇവരോടൊപ്പം സമരപാതയിലാണ്. ഭരണഘടനയുടെ കഴുത്തറുത്തു എന്നായിരുന്നു പാർലമെന്റിൽ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ പ്രതികരണം. ബി.എസ്.പിയും എ.എ.പിയും കേന്ദ്ര നടപടിയെ സർവാത്മനാ പിന്തുണച്ചതാണ് മറ്റൊരു സവിശേഷത.