villege

വിതുര: വിതുര വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും. പുതിയ മന്ദിരം നിർമ്മിക്കുന്നതിനായി സർക്കാർ 44 ലക്ഷം രൂപ അനുവദിച്ചു. വിതുര വില്ലേജ് ഒാഫീസിന്റെ നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന കോൺഗ്രീറ്റ് മേൽക്കൂരയും ഇടിഞ്ഞു വീഴാറായ ചുവരുകളുമായി പരിമിതികൾക്കും പരാധീനതകൾക്കും നടുവിലാണ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. മാത്രമല്ല മഴക്കാലത്ത് വില്ലേജോഫീസിൽ ജലപ്രളയമാണ്. ഫയലുകൾ മുഴുവൻ നനഞ്ഞു കുതിരും. ജീവനക്കാർ മഴയത്ത് കുടയും പിടിച്ചാണ് ഡ്യൂട്ടി നോക്കേണ്ടത്. വിതുര വില്ലേജ് ഒാഫീസിനായി തേവിയോട്ട് വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ സഹകരണത്തോടെ തേവിയോട് വികസനസമിതി സ്ഥലം വാങ്ങി കെട്ടിടവും നിർമ്മിച്ചു നൽകിയിരുന്നു. എന്നാൽ പിന്നീട് അറ്റകുറ്റപണികൾ ഒന്നും ചെയ്തില്ല. വർഷങ്ങൾ പിന്നിട്ടതോടെ കെട്ടിടം ശോച്യാവസ്ഥയിലായി. പുതിയ മന്ദിരം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അനവധി സമരങ്ങളും അരങ്ങേറിയിട്ടുണ്ട്.

ഇനി സ്മാർട്ട്

ജീവനക്കാർക്കായി വിശാലമായ സൗകര്യം ഒരുക്കുന്നതിനൊപ്പം ഓഫീസിൽ എത്തുന്നവർക്ക് സൗകര്യപൂർവം വെയിറ്റിംഗ് ഏരിയയും കുടിവെള്ള സൗകര്യവും ഒരുക്കും. ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഭാവിയിൽ ഇ - ഫയലിംഗ് ലക്ഷ്യമിടുന്നുണ്ട്. സ്‍മാർട്ട് വില്ലേജ് ഓഫീസുകളുടെ പദ്ധതിയിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്നും വിതുര വില്ലേജ് ഓഫീസ് ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ശബരീനാഥൻ എം.എൽ.എ റവന്യൂ വകുപ്പ് മന്ത്രിക്കു ശുപാർശ നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിതുര വില്ലേജ് ഓഫീസിനെ സ്മാർട്ട്‌ വില്ലേജ് ആക്കി മാറ്റുന്ന പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിനു പുറമേ വെള്ളനാട്, മണ്ണൂർക്കര എന്നീ രണ്ട് വില്ലേജ് ഓഫീസുകളുടെ ചുറ്റുമതിൽ നിർമ്മാണത്തിനായി 5 ലക്ഷം വീതം അനുവദിച്ചതായും എം.എൽ.എ അറിയിച്ചു.

സ്മാർട്ട്‌ വില്ലേജ് ആകാൻ കേരളത്തിലെ തിരഞ്ഞെടുത്ത 50 വില്ലേജ് ഓഫീസുകളിൽ ഒന്നായി വിതുര വില്ലേജ് ഓഫീസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ മന്ദിര നിർമ്മാണത്തിന് തുക അനുവദിച്ചു. ഇതിനായി ഭരണാനുമതിയും ലഭിച്ചു. ജീവനക്കാർക്കും പൊതുജനങ്ങൾക്കും കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലായിരിക്കും പുതിയ ഓഫീസ് നിർമ്മിക്കുക. -കെ.എസ്.ശബരീനാഥൻ എം.എൽ.എ