തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ഐ.സി.യുവിൽ കഴിയുന്ന സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സർവേ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. വകുപ്പുതല അന്വേഷണവും നേരിടണം.
പൊലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഇന്നലെ വൈകിട്ട് ചീഫ് സെക്രട്ടറി സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത് ജൂഡീഷ്യൽ കസ്റ്റഡിയിലായി 48 മണിക്കൂറിനകം റിമാൻഡ് ചെയ്യണമെന്നാണ് ചട്ടം. ആൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആന്റ് അപ്പീൽ) റൂൾസ് 3(3) ചട്ടപ്രകാരമാണ് സസ്‌പെൻഷൻ. റൂൾസ് 1969 ലെ റൂൾ 4 അനുസരിച്ച് ശ്രീറാം അലവൻസുകൾക്ക് അർഹനായിരിക്കും.അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിലും പ്രതിയായ ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിക്കാൻ വൈകിയതിലും, മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത പ്രതി സ്വകാര്യാശുപത്രിയിൽ പോയതിലും വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മ്യൂസിയം ക്രൈം എസ്.ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്തു.
അമേരിക്കയിലെ ഉപരിപഠനം കഴിഞ്ഞ് തിരികെയെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആന്റ് ലാൻഡ് റെക്കോർഡ് ഡയറക്ടറായി കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മന്ത്റിസഭായോഗമാണ് നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിംഗ് കമ്മിഷണർ, സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് സെക്രട്ടറി എന്നീ പദവികളും നൽകിയിരുന്നു. ശക്തമായ നടപടിയെടുക്കാൻ ചീഫ്സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് സസ്പെൻഷൻ. അന്വേഷണ വിവരങ്ങളടങ്ങിയ പൊലീസിന്റെ റിപ്പോർട്ടും, സസ്പെൻഡ് ചെയ്യാനുള്ള ശുപാർശയും ഡി.ജി.പി ലോക് നാഥ് ബെഹ്റ ചീഫ്സെക്രട്ടറിക്ക് കൈമാറിയിരുന്നു. 10 വർഷം വരെ ശിക്ഷ കിട്ടാവുന്ന ഐ.പി.പി-304 ജാമ്യമില്ലാ വകുപ്പും ,അശ്രദ്ധമായി വണ്ടിയോടിച്ചതിന് ഐ.പി.സി 279-ാം വകുപ്പുമാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്.
ആറംഗ അന്വേഷണ സംഘം:
എ.ഡി.ജി.പി ദർവേഷ് തലവൻ
കേസന്വേഷണത്തിലും തെളിവ് ശേഖരണത്തിലും മ്യൂസിയം പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന്, തുടരന്വേഷണത്തിന് ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ 6 ഉദ്യോഗസ്ഥരുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഒരു എസ്.പിയും നാല് ഡിവൈ.എസ്.പിമാരും സംഘത്തിലുണ്ടാവും. വീഴ്ച വരുത്തിയ സിറ്റി അഡി.കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ ,മ്യൂസിയം സി.ഐ ജെ.സുനിൽ എന്നിവരെ മാറ്റുമെന്നും ഡി.ജി.പി അറിയിച്ചു. അപകടം നടന്ന് 9മണിക്കൂർ കഴിഞ്ഞു മാത്രം ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിച്ചതിലൂടെ, കേസിൽ നിർണായകമായ ശാസ്ത്രീയ തെളിവ് പൊലീസ് നശിപ്പിച്ചതായാണ് വിലയിരുത്തൽ. മ്യൂസിയം പൊലീസിന് വൻവീഴ്ചയുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.
ശ്രീറാമിന്റെ രക്തത്തിൽ
മദ്യത്തിന്റെ സാന്നിദ്ധ്യമില്ല
കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. ഇതുസംബന്ധിച്ച റിപ്പോർട്ട് ലാബ് അധികൃതർ ഇന്നലെ പൊലീസിന് കൈമാറി.
അപകടം നടന്നതിനു പിന്നാലെ ശ്രീറാമിനെ ജനറലാശുപത്രിയിലെത്തിച്ച് ദേഹപരിശോധന നടത്തിയെങ്കിലും രക്തപരിശോധനയ്ക്ക് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. രക്തം നൽകാൻ ശ്രീറാം വിസമ്മതിച്ചതായും ആശുപത്രിയിലെത്തിയ ശ്രീറാമിന്റെ സുഹൃത്തുക്കൾ രക്തമെടുക്കുന്നത് തടഞ്ഞതായും പൊലീസ് പറയുന്നു. പിന്നീട് സ്വന്തംനിലയിൽ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ശ്രീറാമിനെതിരെ കേസെടുത്ത ശേഷമാണ് പൊലീസ് രക്തസാമ്പിളെടുത്തത്.
എന്നാൽ,ശനിയാഴ്ച രാവിലെ തന്നെ ശ്രീറാമിന്റെ രക്തം ശേഖരിച്ചതായി സിറ്റി അഡി.കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ഡി.ജി.പിയെ തെറ്റായ വിവരം നൽകി കബളിപ്പിച്ചതിന് സഞ്ജയ്ക്കെതിരെ നടപടിയുണ്ടാവും.
മെഡിക്കൽ കോളേജിലും
ശ്രീറാമിന് സുഖചികിത്സ
തിരുവനന്തപുരം: ഞായറാഴ്ച രാത്രി പൂജപ്പുര ജില്ലാ ജയിൽ അധികൃതർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് വിട്ട ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാമിനെ അഞ്ചു മിനിറ്റ് പോലും ആശുപത്രിയിലെ പൊലീസ് സെല്ലിൽ കിടത്തിയില്ല. കാഷ്വാൽറ്റിയിൽ നിന്ന് സർജിക്കൽ ഐ.സി.യുവിലേക്കും അവിടെനിന്ന് ട്രോമാ ഐ.സി.യുവിലേക്കും മാറ്റി. പൊലീസ് സെല്ലിൽ എ.സിയില്ലാത്തതിനാൽ ശീതീകരിച്ച ഐ.സി.യുവിൽ പ്രത്യേകം തിരിച്ച സ്ഥലത്താണ് ശ്രീറാമിന് വി.ഐ.പി സൗകര്യമൊരുക്കിയത്.
പത്രപ്രവർത്തക യൂണിയന്റെ പരാതിയെത്തുടർന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രശ്നത്തിൽ ഇടപെട്ടു. സാധാരണക്കാരന് കിട്ടേണ്ട സൗകര്യങ്ങൾ മാത്രമേ ശ്രീറാമിനും നൽകാവൂ എന്ന് ആശുപത്രി സൂപ്രണ്ടിനോട് മന്ത്രി നിർദ്ദേശിച്ചു. ഇതിനു പിന്നാലെ ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ സർജറി വിഭാഗം മേധാവി ഡോ.അബ്ദുൾ ലത്തീഫ്, ന്യൂറോസർജറി വിഭാഗം മേധാവി ഡോ.അനിൽ പീതാംബരൻ, ഓർത്തോവിഭാഗം മേധാവി ഡോ. സാജിത് ഹുസൈൻ, ആശുപത്രി സൂപ്രണ്ട് ഡോ. എം. എസ്. ഷർമ്മദ്, ആർ.എം.ഒ. ഡോ.മോഹൻറോയ് എന്നിവരടങ്ങിയ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
72മണിക്കൂർ
നിരീക്ഷണം
ആന്തരിക അവയവങ്ങളുടെ സ്കാൻ റിപ്പോർട്ട് കിട്ടാനുള്ളതിനാൽ ശ്രീറാം 72മണിക്കൂർ തീവ്രപരിചരണവിഭാഗത്തിൽ തുടരട്ടെയെന്നാണ് ബോർഡ് തീരുമാനിച്ചത്. ശ്രീറാമിന് കടുത്ത മാനസിക സമ്മർദ്ദമുണ്ട്. അപകടത്തിൽ ആന്തരികക്ഷതമേറ്റെന്നാണ് ശ്രീറാം ഡോക്ടർമാരോട് പറഞ്ഞത്. ആന്തരിക അവയവങ്ങളുടെ പരിശോധനയിലേ ഇക്കാര്യം വ്യക്തമാവൂ. ഏതാനും പരിശോധനകൾക്കുകൂടി ബോർഡ് നിർദേശം നൽകി. പരിശോധനാഫലം വരുമ്പോൾ, തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരണമോയെന്ന് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൈയ്ക്കും നട്ടെല്ലിനും ചെറിയ പരിക്കുണ്ടെന്നും തുടർച്ചയായി ഛർദ്ദിയുണ്ടെന്നുമാണ് സ്വകാര്യ ആശുപത്രി അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നത്.
ജാമ്യഹർജി ഇന്ന്
കോടതിയിൽ
ശ്രീറാമിന്റെ ജാമ്യഹർജി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് മൂന്നാം കോടതി ഇന്ന് പരിഗണിക്കും. രക്ത സാമ്പിളിൽ മദ്യത്തിന്റെ അംശമില്ലാത്തതിനാൽ ശ്രീറാം മദ്യപിച്ച് കാറോടിച്ചിട്ടില്ലെന്ന് ഇന്നലെ സമർപ്പിച്ച ജാമ്യാപേക്ഷയിലുണ്ട്.
സാധാരണ വാഹനാപകടക്കേസിനെ മാധ്യമങ്ങളാണ് ഇത്രയധികം വലുതാക്കിയതെന്ന് ശ്രീറാമിന്റെ അഭിഭാഷകൻ ഇന്നലെ വാദിച്ചു. രാഷ്ട്രീയ സമ്മർദ്ദത്തിനും മാധ്യമ സമ്മർദ്ദത്തിനും വഴങ്ങിയാണ് പ്രോസിക്യൂഷൻ ജാമ്യഹർജിയെ എതിർക്കുന്നതെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല .ഡി.എൻ.എ പരിശോധനയടക്കം നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ളതിനാൽ പ്രതിയെ പൊലീസ് കസ്റ്റഡിൽ വിടുന്നതിന് മുൻപ് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ജാമ്യഹർജിയിൽ കോടതി ഇന്നലെ വാദം കേൾക്കാതിരുന്നത്.