പ്രളയത്തിന്റെ ഒന്നാം വാർഷികവേളയിൽ വീണ്ടുമൊരു ദുരിതപ്പെയ്ത്തിനെ നേരിടുകയാണ് കേരളം.ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊക്ക പ്രകൃതിദുരന്തങ്ങളാണ്.എന്നാൽ കഴിഞ്ഞ ഒരു വർഷം ആസൂത്രിതമായി ഒന്നും ചെയ്യാതിരുന്നത് വിനയായി എന്നുവേണം പറയാൻ.പരിസ്ഥിതി സംരക്ഷണത്തിന് വലിയ പദ്ധതികളെക്കുറിച്ചൊക്കെ വാചകമടിച്ചതല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഭൂമിയെ ഉപദ്രവിച്ചുകൊണ്ടിരുന്നാൽ മഴ രണ്ടു നാൾ കഴിയുമ്പോൾ തന്നെ പ്രളയം എന്നു നിലവിളിച്ചു ജനത്തിന് പലായനം ചെയ്യേണ്ടി വരും.
മഴ തുടർച്ചയായി പെയ്തിറങ്ങിയപ്പോൾ കഴിഞ്ഞ തവണ വെള്ളത്തിൽ മുങ്ങിയ ചെങ്ങന്നൂരും പാണ്ടനാടും റാന്നിയിലുമുള്ള നാട്ടുകാർ ആകെ വിരണ്ടു പോയി. വെള്ളം മുട്ടോളം പോലുമെത്തിയില്ല. എന്നിട്ടും സുരക്ഷിതമേഖലകൾ തേടി ഓടുകയായിരുന്നു ജനം. ആറിന്റെ തീരങ്ങളിലുള്ളവരെയെല്ലാം മാറ്റി മാർപ്പിച്ച് ജില്ലാ ഭരണകൂടവും മുൻകരുതൽ നടപടികളെടുത്തു.
കഴിഞ്ഞ വർഷത്തെ ആ നിലവിളി ആരും മറക്കില്ല."ഒരു രക്ഷയുമില്ല സഹായിച്ചേ പറ്റൂ.. കേന്ദ്ര ഗവൺമെന്റിന്റെ പട്ടാളം വരണം ഹെലികോപ്റ്ററും വരണം. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല, ഞാനടക്കം അപകടത്തിലാണ്. എന്റെ വണ്ടി നിലയില്ലാത്ത വെളളത്തിൽ കിടക്കുകയാണ്. അഞ്ചു ദിവസമായി ഞങ്ങൾ ആവശ്യപ്പെടുന്ന നേവിയുടെ സഹായം കിട്ടണം. ഒരു പാക്കറ്റ് ഫുഡ് കിട്ടുന്നില്ല അമ്പതിനയിരം പേര് ഇന്ന് രാത്രി മരിക്കും. എയർലിഫ്റ്റിംഗ് മാത്രമെയുള്ളൂ വഴി.ഓൺലി എയർ ലിഫ്റ്റിംഗ് പ്ളീസ്...."
കഴിഞ്ഞ ആഗസ്റ്റ് 17ന് സ്ഥലം എം.എൽ.എ സജി ചെറിയാന്റെ വിലാപം ടി.വി ചാനലുകളിലൂടെ കേട്ടതാണ്. രാഷ്ട്രീയ പ്രതിയോഗികളിൽ ചിലർ സജി ചെറിയാന്റെ കരച്ചിൽ കലർന്ന അഭ്യർത്ഥനയെ കളിയാക്കിയെങ്കിലും അന്നങ്ങനെ പറഞ്ഞതുകൊണ്ടാണ് നാട്ടുകാർ രക്ഷപ്പെട്ടതെന്ന് സജി ചെറിയാൻ പറയുന്നു.134 കോടി രൂപ വീടുകളുടെ പുനർനിർമ്മാണത്തിനു മാത്രം കൊടുത്തു കഴിഞ്ഞു. നൂറുകണക്കിന് വീടുകൾ നിർമ്മിച്ചു നൽകി . കാർഷിക മേഖലയിൽ 1200 ഏക്കർ സ്ഥലത്ത് പുതിയതായി കൃഷി തുടങ്ങി. ഉൽപ്പാദനം വർദ്ധിപ്പിച്ചു. 400 കോടിയോളം രൂപ റോഡുകളുടെ പുനർനിർമ്മാണത്തിന് ചെലവഴിച്ചു വരുന്നുവെന്നുംസജി ചെറിയാൻ വിശദീകരിച്ചു.
എന്നാൽ പുനർനിർമ്മാണം പാളിയെന്ന് ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ പറഞ്ഞു. ധനസഹായം വേണ്ടവരിൽ ആദ്യം അപേക്ഷകൾ സ്വീകരിച്ച് സൈറ്റിൽ അപ്‌ലോഡ് ചെയ്യവെ അതു തകരാറിലായി. പിന്നെ നേരിട്ട് സ്വീകരിച്ചു. പലർക്കും പണം കിട്ടിയില്ലെന്നു കാണിച്ച് പരാതി ഇവിടെ വരും. തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കിയുള്ള പരിപാടിയായതിനാൽ ഞങ്ങൾ നിസഹായരാണ്.
# റാന്നിക്കാരുടെ സമാധാനം പോയി
പ്രളയത്തിൽ ആദ്യം മുങ്ങിയ പട്ടണം റാന്നിയായിരുന്നു. ഇപ്പോഴത്തെ മഴ റാന്നിക്കാരേയും ഭയപ്പെടുത്തിയിരിക്കുന്നു.
ആദ്യം എയർ ലിഫ്റ്റിംഗ് നടന്നതും ഇവിടെ സജു ഉതുപ്പാന്റെ വീട്ടിൽ നിന്നായിരുന്നു. പുത്തൻവീട് വെള്ളത്തിൽ മുങ്ങിയപ്പോൾ അഞ്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ ടെറസിനു മുകളിലേക്കു കയറി. ബാക്കികാര്യം വീട്ടമ്മയായ ഷൈനി ഉതുപ്പാൻ പറയുന്നു. ''ഒരു ഹെലികോപ്ടർ പറന്നുവരുന്നത് കണ്ടു. ഞങ്ങളെല്ലാരും കൈയ്യിൽകിട്ടിയ തുണിയൊക്കെ കറക്കി അവരുടെ ശ്രദ്ധ ക്ഷണിച്ചു. ഒരു സേനാംഗം താഴെക്കിറങ്ങി വന്നു. ഹെലിക്കോപ്റ്ററിൽ നിന്നുള്ള ശക്തമായ കാറ്റ്. വീട്ടിൽ 86 വയസുള്ള അമ്മ കിടപ്പാണ്. അമ്മയെ കൊണ്ടുപോകുന്നത്
ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നവർ പറഞ്ഞു.അതുകൊണ്ട് ഞങ്ങളോട് രക്ഷപെടാൻ ഭർത്താവ് പറഞ്ഞു. അദ്ദേഹം അമ്മയുടെ അടുത്തു തന്നെ നിന്നു. തുങ്ങിക്കിടന്ന് ഹെലിക്കോപ്റ്ററിൽ കയറാൻ എനിക്കും മകൾ ധനയക്കുമെല്ലാം പേടിയായിരുന്നു. ജീവൻ രക്ഷിക്കണമല്ലോ എങ്ങനയൊക്കെയെ കയറിപ്പറ്റി. തിരുവനന്തപുരത്ത് കൊണ്ടിറക്കി.'' അതിനു ശേഷം ഷെെനി ഉതുപ്പാനും മക്കളും ഗൾഫിൽ നിന്ന് തിരിച്ചെത്തിയിട്ട് കുറച്ചു ദിവസമേ ആയുള്ളൂ. അപ്പോഴാണ് വീണ്ടും മഴയും വെള്ളപ്പൊക്കവും
.(തുടരും)