ആറ്റിങ്ങൽ: കാത്തിരിപ്പുകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ആറ്റിങ്ങൽ നിവാസികളുടെ ചിരകാല സ്വപ്‌നമായ നാലുവരിപ്പാത നിർമ്മാണത്തിന് അതിവേഗം. കഴിഞ്ഞ ദിവസം നടന്ന ടെൻഡർ ചടങ്ങിൽ രണ്ടുപേർ രംഗത്തെത്തി. ആറ്റിങ്ങൽ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള റോഡാണ് നാലുവരിയാക്കുന്നത്. പദ്ധതി പ്രദേശത്തെ പുറമ്പോക്ക് ഭൂമി പൂർണമായി ഏറ്റെടുത്തു. സർക്കാർ വകുപ്പുകളുടെ കൈവശമുള്ളതിൽ നിന്ന് വികസനത്തിന് ആവശ്യമായ ഭൂമിയും എടുത്തിട്ടുണ്ട്. നാല് ഘട്ടമായാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നത്. പുറമ്പോക്ക് പൂർണമായി ഒഴിപ്പിച്ചെടുത്താണ് ഒന്നാംഘട്ടം. പദ്ധതിപ്രദേശത്തെ വിവിധ സ്ഥലങ്ങളിലായി 112 പേർ 72 സെന്റ് പുറമ്പോക്ക് സ്ഥലം കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. പദ്ധതിയുടെ ഭാഗമായി കൈയേറ്റം ഒഴിപ്പിച്ചെടുത്തു. ഇതിനിടെ ചിലർ പരാതിയുമായി എത്തിയെങ്കിലും നഗരസഭ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ദേശീയപാതാവിഭാഗവും റവന്യൂ വകുപ്പും ചേർന്നാണ് നടപടികൾ പൂർത്തിയാക്കിയത്. രണ്ടാംഘട്ടമെന്ന നിലയിൽ സർക്കാർ വക ഭൂമി ഏറ്റെടുത്തു. റവന്യൂ വകുപ്പ്, ട്രഷറി, നഗരസഭ എന്നിവയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് ജില്ലാകളക്ടർ പുറപ്പെടുവിച്ചിരുന്നു. പോസ്റ്റൽ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 2.4 സെന്റ് സ്ഥലം കൂടി പദ്ധതിക്കായി ലഭിക്കണം.
പദ്ധതിയെക്കുറിച്ച്
---------------------------
ടി.ബി ജംഗ്ഷൻ മുതൽ മൂന്നുമുക്കു വരെ നിലവിലുള്ള മൂന്നുകിലോമീറ്റർ
ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതാണ് പദ്ധതി
പദ്ധതിക്ക് അനുവദിച്ച തുക - 22.75 കോടി രൂപ
മതിലുകൾ പുനർനിർമ്മിക്കുന്നതിന് - 2.02 കോടി
വർഷങ്ങൾ നീണ്ട ചർച്ചകൾ
----------------------------------------------------
പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെ റോഡ് 20 മീറ്റർ വീതിയിൽ വികസിപ്പിക്കാനായിരുന്നു പദ്ധതി. ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയില്ല. സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകുന്ന ഭൂമി കൂടി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സൗജന്യമായി ഭൂമി വിട്ടുകൊടുക്കാൻ സ്വകാര്യവ്യക്തികൾ തയ്യാറായില്ലെന്ന് മാത്രമല്ല, അവർ കേസിലേക്കും നീങ്ങി. അതോടെ ആദ്യ ഘട്ടത്തിൽ പദ്ധതി അനിശ്ചിതത്വത്തിലായി. തുടർന്ന് പുറമ്പോക്കും സർക്കാർ വകുപ്പുകളുടെ ഭൂമിയും
ഏറ്റെടുത്തുകൊണ്ട് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് പുറമ്പോക്ക് ഒഴിപ്പിക്കാൻ ആരംഭിച്ചപ്പോൾ ഏതാനും പേർ ഹൈക്കോടതിയെ സമീപിച്ചു. ഒടുവിൽ പുറമ്പോക്ക് ഒഴിപ്പിക്കാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു.