sreeram-venkitaraman

തിരുവനന്തപുരം: മുഴുവൻ സിവിൽ സർവീസുകാർക്കും അപമാനമായി മാറിയ ശ്രീറാം വെങ്കിട്ടരാമൻ സ്വമേധയാ രാജി വച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം.ബഷീറിന്റെ അപകട മരണത്തിൽ അനശോചിക്കാൻ പ്രസ് ക്ളബിൽ ചേർന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു കുറ്റവാളിയെയും സർക്കാർ സംരക്ഷിക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ വഴിവിട്ട് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ജയരാജൻ വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള ശ്രമത്തിന് പിന്നിൽ ഒരു എസ്‌.ഐ മാത്രമല്ലെന്നും പ്രബല ശക്തികൾ ഉണ്ടെന്നും മന്ത്റി എം.എം മണി പറഞ്ഞു. നീതിബോധം കാണിക്കേണ്ട ഐ.എ.എസ് ഓഫീസർ അതുകാണിക്കാതെ കൂടെയുണ്ടായിരുന്ന വനിതയെ പ്രതിയാക്കാനാണ് ശ്രമിച്ചത്. കേസിൽ മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.കു​റ്റവാളി എത്ര ഉന്നതനായാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്റി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

കു​റ്റവാളികളെ സംരക്ഷിക്കാൻ പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. വാദി പ്രതിയാകുന്ന അവസ്ഥയാണ് . മുഖ്യമന്ത്റി ഉറപ്പ് പാലിക്കണം. സിവിൽ സർവീസുകാരുടെ രാത്രി ജീവിതവും പരിശോധിക്കണം. പ്രലോഭനങ്ങൾക്ക് വഴങ്ങുന്ന ഉദ്യോഗസ്ഥർ നാടിന്റ ശാപമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നരഹത്യയാണ് നടന്നതെന്നും ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്നും സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കൂട്ടുനിന്ന പൊലീസുകാരും അവർക്ക് ബലംകൊടുക്കുന്നവരും പിടിക്കപ്പെടണം. ബഷീറിന്റ ഭാര്യക്ക് ജോലി നൽകണമെന്നും പന്ന്യൻ പറഞ്ഞു.കേസ് അട്ടിമറിക്കാൻ ശ്രമിച്ചവരും പ്രതിസ്ഥാനത്താണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് വി.വി രാജേഷ് പറഞ്ഞു.

കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, മുൻ രാജ്യസഭാംഗം എം.പി അച്യുതൻ, കേരള മീഡിയ അക്കാ‌ഡമി ചെയർമാൻ ആർ.എസ് ബാബു, സിറാജ് യൂണിറ്റ് മേധാവി എ. സൈഫുദീൻ ഹാജി എന്നിവരും സംസാരിച്ചു.പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസ്ക്ളബ് സെക്രട്ടറി സെക്രട്ടറി എം. രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.യു.ഡബ്ള്യു.ജെ ജില്ലാ സെക്രട്ടറി ആർ.കിരൺബാബു സ്വാഗതവും പ്രസ്ക്ളബ് പ്രസിഡന്റ് ജി. പ്രമോദ് നന്ദിയും പറഞ്ഞു.

ബഷീറിന്റ കുടുംബ സഹായ നിധിയിലേക്ക് കെ.പി.സി.സി ഒരു ലക്ഷം രൂപ നൽകുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കേരള മീഡിയ അക്കാഡമി ഒരു ലക്ഷം രൂപ നൽകുമെന്ന് ചെയർമാൻ ആർ.എസ് ബാബുവും പറഞ്ഞു. ബഷീറിന്റെ ഒരു കുട്ടിയുടെ പഠനച്ചെലവ് മുൻ പ്രധാനമന്ത്റി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ഏ​റ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. സഹായനിധിയിലേക്ക് മുഖ്യമന്ത്റി പിണറായി വിജയൻ തന്റെ വിഹിതം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
​​​​​​​​​​​​​​​​​​​​​​​​​​​