kodiyery-balakrishnan

തിരുവനന്തപുരം: കാശ്മീർ വിഭജനത്തിലൂടെ ദേശീയ ഐക്യത്തിനെതിരായ ആക്രമണമാണ് ബി.ജെ.പി സർക്കാർ നടത്തിയിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതിനെതിരെ നാളെ സി.പി.എം പ്രതിഷേധം സംഘടിപ്പിക്കും.

രാജ്യത്തിന്റെ നിലനില്പ് തന്നെ ചോദ്യം ചെയ്യുപ്പെടുന്ന വിധത്തിൽ ആർ.എസ്.എസ് അജൻഡകൾ രാജ്യത്ത് നടപ്പാക്കാൻ തുടങ്ങിയതിന്റെ ഉദാഹരണമാണ് ജമ്മു കാശ്മീർ വിഭജിക്കൽ തീരുമാനം. ഇതിലൂടെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തെയും ഭരണഘടനയെയുമാണ്. എന്നും ഇന്ത്യയെ നെഞ്ചേറ്റിയവരാണ് ജമ്മുകാശ്മീർ ജനത. ഭരണഘടനയുടെ 370 അനുച്ഛേദം കാശ്മീർ ജനതയ്ക്ക് പ്രത്യേക പദവി നൽകുന്നതാണ്. അത് ആ ജനതയോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. മോദി സർക്കാർ കാശ്മീർ ജനതയോടുള്ള ഉത്തരവാദിത്വത്തിൽ നിന്നു പിന്മാറിയിരിക്കുന്നു. നഗ്നമായ വഞ്ചനയല്ലാതെ മറ്റൊന്നുമല്ല ഇത്. .

'വിചാരധാര' യുടെ ഉന്നം നടപ്പിലാക്കപ്പെടുന്നു. ആർ.എസ്.എസ്-ബി.ജെ.പി- സംഘപരിവാരത്തെ സംബന്ധിച്ച് പിടിച്ചെടുക്കപ്പെട്ട പ്രദേശമാണ് ജമ്മുകാശ്മീർ. ഭരണഘടനയെ അട്ടിമറിച്ച് ജമ്മുകാശ്മീരിനെയും ലഡാക്കിനെയും അവർ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാൻ തീരുമാനിച്ച് മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.