chenkal-temple

പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ ആഗസ്റ്റ് 7 ന് നടക്കുന്ന നിറപുത്തിരി മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നിറപുത്തിരിക്കായി കേരള കാർഷിക സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായ നെടുങ്കാട്ടത്തെ ഏലായിൽ ക്ഷേത്രത്തിനായി ഉമ വിത്ത് പ്രത്യേകം പാകി നേരത്തെ കൃഷി ചെയ്തിരുന്നു. നിറപുത്തിരിക്കായുള്ള കതിർക്കുലകൾ പാടത്തിലെത്തിയ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് കൊയ്തെടുത്തത്. മേൽശാന്തി കുമാർ മഹേശ്വരവും കീഴ്ശാന്തിമാരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ചടങ്ങിൽ പങ്കാളികളായി. തുടർന്ന് കതിർക്കുലകളുമായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്ന ഘോഷയാത്രയെ ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നാളെ രാവിലെ നടക്കുന്ന പതിവ് പൂജകൾക്ക് പുറമെ നിറപുത്തിരി മഹോത്സവത്തിന്റെ ഭാഗമായി രാവിലെ 5 മണിക്ക് മഹാഗണപതി ഹോമം, 5.45 ന് നിറപുത്തിരി തുടർന്ന് പ്രത്യേക ദീപാരാധന എന്നിവ ഉണ്ടായിരിക്കും.

ഫോട്ടോ: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നാളെ രാവിലെ നടക്കുന്ന നിറപുത്തിരി മഹോത്സവത്തിനായി പ്രത്യേകം കൃഷി ചെയ്തിരുന്നു ഉമ നെല്ലിന്റെ കതിർക്കുലകൾ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ കൊയ്തെടുത്ത് ക്ഷേത്രത്തിലേക്ക്‌ എത്തിക്കുന്നു.