2

വിഴിഞ്ഞം: കോട്ടുകാൽ വലിയ തോട്ടിൽ ചെറു മീനുകൾ ചത്തുപൊങ്ങിയതോടെ ജലവിതരണം നിറുത്തിവച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വാട്ടർ അതോറിട്ടി​ അധികൃതരും ജലസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി പബ്ളിക് ലാബിൽ നൽകി. ഈ തോട്ടിൽ നിന്നും കുടിവെള്ളം പമ്പ് ചെയ്യുന്ന നിരവധി പമ്പ് ഹൗസുകൾ ഉണ്ട്. ഇവയിൽ കൊല്ലംകോണത്തെ പമ്പ്ഹൗസിൽ നിന്നും പമ്പിംഗ് താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. കോട്ടുകാൽ വലിയ തോട്ടിന്റെ ആട്ടറമൂല ഭാഗം മുതൽ ചപ്പാത്ത് വരെയുള്ള ഭാഗത്താണ് രണ്ടു ദിവസമായി മീനുകൾ ചത്തുപൊങ്ങുന്നതായി പമ്പ് ഓപ്പറേറ്ററുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിയിച്ചതോടെ വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പമ്പിംഗ് നിറുത്തിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ തോട്ടിൽ കുളിക്കാനിറങ്ങിയവരുടെ ശരീരത്തിൽ ചൊറിച്ചിലും വെള്ളത്തിൽ ദുർഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരെ വി​വരമറി​യി​ച്ചു. കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സജി, വൈസ് പ്രസിഡന്റ് പുന്നക്കുളം ബിനു എന്നിവരുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. വാട്ടർ അതോറിട്ടി അസി.എൻജിനിയർ എൽ. അജികുമാർ സ്ഥലത്തെത്തിയാണ് പമ്പിംഗ് നിറുത്തിവച്ചത്. സമീപത്തെ വാഴത്തോട്ടത്തിൽ കൃഷിക്ക് ഉപയോഗിച്ച ശേഷമുള്ള കീടനാശിനി തോട്ടിൽ ഉപേക്ഷിച്ചതാകാം മീനുകൾ ചത്തുപൊങ്ങാൻ കാരണമെന്ന് അനുമാനിക്കുന്നതായി വാട്ടർ അതോറിട്ടി​ ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് തോട് വൃത്തിയാക്കി​ വീണ്ടും ജല സാമ്പിൾ പരിശോധിച്ച ശേഷം മാത്രമേ പമ്പിംഗ് തുടരൂവെന്ന് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് വാട്ടർ അതോറിട്ടി​ ഉദ്യോഗസ്ഥർ വിഴിഞ്ഞം സ്റ്റേഷനിൽ പരാതി നൽകി.

ഫോട്ടോ: കോട്ടുകാൽ വലിയ തോട്ടിൽ ചത്തുപൊങ്ങിയ ചെറുമീനുകൾ

2. തോട്ടിൽ മീനുകൾ ചത്തുപൊങ്ങിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതർ.