തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ആ സമയത്ത് കാറിൽ ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴി. മദ്യത്തിന്റെ മണമുണ്ടായിരുന്നതുകൊണ്ട് ശ്രീറാമിനോട് പതുക്കെ പോകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വേഗത്തിലാണ് വണ്ടിയോടിച്ചതെന്നും വഫ കോടതിയിൽ നൽകിയ രഹസ്യമൊഴിയിലുണ്ട്. എന്നാൽ, അപകടമുണ്ടായി ഒൻപത് മണിക്കൂറിനു ശേഷം ശേഖരിച്ച രക്തസാമ്പിളിൽ മദ്യത്തിന്റെ അംശമില്ലെന്നാണ് രാസ പരിശോധനാഫലം.
വഫയുടെ മൊഴി ഇങ്ങനെ: എനിക്ക് 16 വയസുള്ള മകളുണ്ട്. ഞാൻ ബഹറിനിൽ നിന്ന് ഒരു മാസത്തേക്ക് അവധിക്കു വന്നതാണ്. ശ്രീറാം സുഹൃത്താണ്. രാത്രി ഞാൻ എല്ലാ സുഹൃത്തുക്കൾക്കും ഗുഡ് നൈറ്റ് മെസേജ് അയയ്ക്കും. അക്കൂട്ടത്തിൽ ശ്രീറാമിനും അയച്ചു. സാധാരണ ശ്രീറാം പ്രതികരിക്കാറില്ല. എന്നാൽ അന്ന് വാഹനനുണ്ടോ എന്ന് എന്നോടു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞു.
കാറുമായി കവടിയാറിൽ വരാൻ ആവശ്യപ്പെട്ടപ്പോൾ മകളോട് വിവരം പറഞ്ഞ ശേഷം വീട്ടിൽനിന്ന് ഇറങ്ങി. കവടിയാർ പാർക്കിന്റെ ഭാഗത്തെത്തിയപ്പോൾ ശ്രീറാം ഫോണിലായിരുന്നു. ഫോൺ ചെയ്ത ശേഷം ശ്രീറാം കാറിൽ കയറി. ഞാനാണ് വണ്ടി ഓടിച്ചത്. കഫേ കോഫീഡേയ്ക്ക് സമീപമെത്തിയപ്പോൾ താൻ വാഹനമോടിക്കണോ എന്ന് ശ്രീറാം ചോദിച്ചു. നിങ്ങൾക്ക് ഓടിക്കണമെങ്കിൽ ആകാമെന്ന് ഞാൻ പറഞ്ഞു. ശ്രീറാം വാഹനത്തിനു പുറകിലൂടെ വന്ന് ഡ്രൈവിംഗ് സീറ്റിലേക്കു കയറി. ഞാൻ അകത്തുകൂടി കാലിട്ടാണ് അപ്പുറത്തെ സീറ്റിലേക്കു മാറിയത്.
സിഗ്‌നൽ ലൈറ്റില്ലാത്തതിനാൽ വാഹനം അമിത വേഗതയിലായിരുന്നു. പതുക്കെ പോകാൻ ഞാൻ പല പ്രാവശ്യം പറഞ്ഞു. എന്നാൽ വളരെ വേഗത്തിലാണ് ശ്രീറാം വണ്ടി ഓടിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷനു സമീപത്തുള്ള വഴിയിൽ ഒരു ബൈക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു. കാർ വളരെ വേഗത്തിലായിരുന്നതിനാൽ ബൈക്കിനെ ഇടിച്ചു. ബ്രേക്ക് ചവിട്ടിയിട്ടും കിട്ടിയില്ല. ബൈക്കും കാറും കൂടിയാണ് മതിലിൽ ഇടിച്ചത്. ഉടൻ ശ്രീറാമുമായി പുറത്തേക്കിറങ്ങി. ശ്രീറാം അപകടത്തിൽപ്പെട്ടയാളെ പൊക്കിയെടുത്ത് റോഡിൽ കൊണ്ടുവന്നു. എന്നാൽ ആരും തിരിഞ്ഞുനോക്കിയില്ല. പൊലീസ് വന്ന് . എന്നോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. വീട്ടിൽ പോയി രണ്ടുമണി ആയപ്പോൾ ഞാൻ സ്റ്റേഷനിൽ തിരിച്ചുവന്നു. ഞാൻ കാർ ഓടിച്ചിരുന്നെങ്കിൽ അപകടം സംഭവിക്കില്ലായിരുന്നു.