വെഞ്ഞാറമൂട്: കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയെ കണ്ടെത്തി നൽകി വെഞ്ഞാറമൂട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ പിരപ്പൻകോട് ശ്രീ വിനായകത്തിൽ എസ്.ജയകുമാരൻ നായർ മാതൃകയായി. കഴിഞ്ഞ 1 ന് വൈകിട്ട് 4.30ന് കിഴക്കേകോട്ടയിൽ നിന്നും ബൈപ്പാസ് വഴി വെഞ്ഞാറമൂട്ടിലേക്ക് വരുകയായിരുന്ന ആർ.എസ്.സി 182 ബസിൽ ചന്തവിള ജംഗ്ഷനിൽ എത്തുമ്പോഴാണ് പണവും മറ്റ് നിരവധി രേഖകളും അടങ്ങിയ പേഴ്സ് ബസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ജയകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരോട് തിരക്കിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല. തുടർന്ന് ഡ്രൈവർ മനോജുമായി ചേർന്ന് പഴ്സ് ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറിൽ നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ജയകുമാർ കൗണ്ടറിൽ അന്വേഷിച്ചപ്പോൾ ആരും പേഴ്സ് അന്വേഷിച്ച് എത്തിയിട്ടില്ലെന്നറിഞ്ഞു. തുടർന്ന് പേഴ്സ് വാങ്ങി പരിശോധിച്ചപ്പോൾ ലഭിച്ച നമ്പരിൽ ബന്ധപ്പെട്ട് ഉടമയെ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജ് ബി.ടെക് വിദ്യാർത്ഥിനി ആലപ്പുഴ, പള്ളിക്കൽ, കോപ്പാറ ഹൗസിൽ നജ്ന നാസറിന്റേതാണ് പേഴ്സ്. കോളേജിൽ നിന്ന് ചന്തവിളയിലുള്ള ബന്ധുവീട്ടിലേക്കുള്ള യാത്രാമദ്ധ്യേ നഷ്ടപ്പെട്ടതായിരുന്നു. ഇവർ ഡിപ്പോയിലെത്തി എ.ടി.ഒ ഷിജുവിന്റെ സാന്നിദ്ധ്യത്തിൽ ജയകുമാറിൽ നിന്ന് പേഴ്സ് ഏറ്റുവാങ്ങി. ആറുമാസം മുൻപ് സമാന രീതിയിലുള്ള പ്രവർത്തനത്തിന് ജയകുമാറിന് ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്. യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം ഉണ്ടായ യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ചും മാതൃക കാട്ടിയിരുന്നു. കൂടിയ കളക്‌ഷൻ നേടിയതിന് എം.ഡി ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനം നിരവധി തവണ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.