sreeram-venkitaraman

തിരുവനന്തപുരം: കാർ ഇടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താൻ പൊലീസിന്റെ കള്ളക്കളികൾ റിമാൻഡ് റിപ്പോർട്ടിലും. ശ്രീറാമിന്റെ ശരീരത്തിൽ മദ്യഗന്ധമുണ്ടായിരുന്നതായി മ്യൂസിയം പൊലീസിന്റെ കേസ് ഷീറ്റിലും ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റിമാൻഡ് റിപ്പോർട്ടിൽ നിന്ന് അക്കാര്യം ഒഴിവാക്കി. ദേഹപരിശോധനയ്ക്ക് ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെന്ന വിവരവും കോടതിയെ അറിയിച്ചില്ല.

മ്യൂസിയം സ്റ്റേഷന് 100 മീറ്റർ മാത്രം അകലെ സംഭവിച്ച അപകടം അപ്പോൾത്തന്നെ മ്യൂസിയം പൊലീസ് അറിഞ്ഞെങ്കിലും വള്ളക്കടവിൽ താമസിക്കുന്ന, സിറാജ് ദിനപത്രം യൂണിറ്റ് മേധാവി സെയ്ഫുദ്ദീൻ ഹാജിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യം നേരിൽക്കണ്ടാൽ എസ്.എച്ച്.ഒയ്ക്ക് സ്വമേധയാ കേസെടുക്കാമെന്നാണ് ചട്ടമെങ്കിലും പുലർച്ചെ 12.55 നുണ്ടായ അപകടത്തിൽ പിറ്റേന്ന് രാവിലെ ഏഴേകാലിനാണ് കേസെടുത്തിരിക്കുന്നത്.

അപകടസ്ഥലത്ത് പൊലീസ് എത്തിയ വിവരമോ, ശ്രീറാമിനെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ വിവരമോ റിമാൻഡ് റിപ്പോർട്ടിലില്ല. പൊലീസ് തന്നെ ആംബുലൻസ് ഏർപ്പാടാക്കി ആശുപത്രിയിലേക്ക് അയച്ചതും, ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിനെ ഒരു പരിശോധനയും കൂടാതെ ടാക്‌സിയിൽ കയറ്റിവിട്ടതും റിമാൻഡ് റിപ്പോർട്ടിൽ മറച്ചുവച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർചെയ്ത വിവരവും ഇല്ല.

ശ്രീറാം മദ്യപിച്ചിരുന്നു എന്ന് മിണ്ടാതിരുന്ന പൊലീസ്, 'മദ്യപിച്ച് അപകടകരമായും സാഹസികമായും അമിത വേഗതയിലും വാഹനമോടിച്ചാൽ അപകടമുണ്ടായി മരണം സംഭവിക്കാൻ ഇടയാകുമെന്ന് അറിയാവുന്ന പ്രതി' എന്നാണ് റിമാൻഡ് അപേക്ഷയിലും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എഫ്.ഐ.ആറിലേതുപോലെ നിരവധി പഴുതുകളുള്ള റിമാന്റ് അപേക്ഷയാണ് മ്യൂസിയം സി.ഐ സുനിൽ കോടതിയിൽ സമർപ്പിച്ചത്.