മലയിൻകീഴ് : ശ്രീകൃഷ്ണപുരം പാളയത്തിൽ വീട്ടിൽ അനൂപ് (29) ഞായറാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. നേമം സ്വദേശിയായ യുവതിയുമായി രാത്രി ഫോണിൽ ഏറെനേരം സംസാരിച്ചിരുന്നു. അതിനുശേഷം യുവതി അനൂപിന്റെ ഏക സഹോദരൻ സനൂപിനെ വിളിച്ച് അനൂപിന്റെ മുറിയിൽപ്പോയി നോക്കാൻ പറഞ്ഞു. കതകിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നപ്പോൾ തൂങ്ങി നിൽക്കുന്ന അനൂപിനെയാണ് കണ്ടത്. ഉടനേ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവമറിഞ്ഞ് വിഷം കഴിച്ച യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നടത്തുന്ന സ്ഥാപനത്തിലാണ് അനൂപ് ജോലി ചെയ്തിരുന്നത്. പ്രണയത്തിലായിരുന്ന യുവതിയുമായി വീഡിയോ കാളിലൂടെയാണ് സംസാരിച്ചതെന്ന് വിവരമുണ്ട്. എന്നാൽ ഇക്കാര്യം പരിശോധിച്ച് വരുന്നതായും ഫോൺ വിവരങ്ങൾ ലഭ്യമാക്കുന്നതിന് സൈബർ സെല്ലിന്റെ സഹായം തേടിയതായും മലയിൻകീഴ് സി.ഐ അനിൽകുമാർ പറഞ്ഞു. വിവാഹമോചിതയായ യുവതി ലൈവായി അനൂപിന്റെ തൂങ്ങി മരണം കണ്ടതായും എന്നാൽ, യുവതിയെ ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാകൂവെന്നും ചികിത്സ കഴിയുന്ന മുറയ്ക്ക് യുവതിയെ ചോദ്യം ചെയ്യുമെന്നും സി.ഐ അറിയിച്ചു. അനൂപിന്റെ മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു. പിതാവ്: പരേതനായ മോഹനൻ. മാതാവ്: ഗീത.
(ഫോട്ടോ അടിക്കുറിപ്പ്....മരിച്ച അനൂപ് (29)