പാറശാല: അയിര കുളത്തിന് സമീപം ഗാർഹിക അവശിഷ്ടങ്ങൾ ഉൾപ്പെടെ പരിസര മലിനീകരണത്തിന് കാരണമാകുന്ന മാലിന്യങ്ങൾ പൊതുനിരത്തിൽ നിക്ഷേപിക്കുന്നതായി പരാതി. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന നടപടികൾക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഇപ്പോൾ അറവുശാലകളിൽ നിന്നും പുറംതള്ളുന്ന ഇറച്ചി വേസ്റ്റും മറ്റും പ്രദേശത്ത് നിക്ഷേപിക്കുക പതിവായിട്ടുണ്ട്. ചില സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ നായ്ക്കൾ വലിച്ചിഴയ്ക്കുന്നതിന് പുറമേ അഴുകി ദുർഗന്ധത്തിനും പരിസര മലിനീകരണത്തിനും കാരണമായിട്ടുണ്ട്. ഇതുവഴി കടന്നുപോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നാട്ടുകാർക്ക് മൂക്കുപൊത്തി മാത്രമേ കടന്നുപോകാനാവൂ. മഴക്കാലം ആരംഭിച്ചതോടെ മാലിന്യങ്ങൾ ഒഴുകി നടക്കുന്നത് കുടിവെള്ളത്തിനും ഭീഷണിയായി തീർന്നിട്ടുണ്ട്. കാരോട് ഗ്രാമപഞ്ചായത്തിലെ ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ അധികാരികൾക്ക് പരാതികൾ സമർപ്പിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഉന്നത അധികാരികൾ ഇടപെട്ട് പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ഗാർഹിക മാലിന്യങ്ങൾക്കു പുറമേ അറവുശാലകളിൽ നിന്നുള്ള മാലിന്യവും നിക്ഷേപിക്കുന്നു
മാലിന്യങ്ങൾ പലതും നായ്ക്കൾ വലിച്ചിഴയ്ക്കുകയാണ്
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കാൽനടയാത്രപോലും സാദ്ധ്യമാകുന്നില്ല
അധികാരികൾക്ക് നിരവധി പരാതികൾ നൽകിയെങ്കിലും നാളിതുവരെ നടപടി ഉണ്ടായില്ല
മഴക്കാലമായതോടെ മാലിന്യങ്ങൾ ഒഴുകി നടക്കുന്നതിനാൽ കുടിവെള്ളത്തിലും ഇത് കലരുകയാണ്