ശ്രീകാര്യം: അറ്റകുറ്റപ്പണിക്കെത്തിയ വീട്ടിൽ നിന്ന് 24 പവൻ മോഷ്ടിച്ചുകടന്ന കെട്ടിടനിർമ്മാണ തൊഴിലാളി പിടിയിൽ. ശ്രീകാര്യം ചെക്കാലമുക്ക് റോസ് നഗർ, ഹൗസ് നമ്പർ - 6, ഷാഹിന മൻസിലിൽ ഷാഹിനയുടെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്. സംഭവത്തിൽ പാങ്ങപ്പാറ ഗുരുമന്ദിരത്തിന് എതിർവശം ലീന വിലാസത്തിൽ വാടകയ്ക്ക് താമസിക്കുന്ന കാട്ടാക്കട കള്ളിക്കാട് ഇളംപ്ലാമൂട് ചാനൽ പാലത്തിന് സമീപം ശിവകൃപ വീട്ടിൽ മദനനാണ് (38) അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം. ടെയിൽസ് പണിക്കാരനായ ഇയാൾ ഷാഹിനയുടെ വീട്ടിൽ അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു. ഷാഹിനയും ബന്ധുവും പുറത്തുപോയതോടെ വീട്ടിൽ വയസായ ദമ്പതികളും കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. ഈ തക്കത്തിനാണ് ഇയാൾ മോഷണം നടത്തിയത്. വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറി തുറന്നാണ് അലമാരയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചത്. മോഷണശേഷം ടെയിൽസ് ഒട്ടിക്കാനുള്ള പശ വാങ്ങിയിട്ടുവരാമെന്ന് പറഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു. മടങ്ങിയെത്തിയ വീട്ടുടമ ജോലിക്കാരനെ കാണാത്തതിൽ സംശയം തോന്നി കിടപ്പുമുറിയിലെ അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട്ടുകാർ ഉടനേ ശ്രീകാര്യം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശ്രീകാര്യം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം തൊണ്ടിമുതലോടെ മോഷ്ടാവിനെ കുടുക്കുകയായിരുന്നു. വീട് പരിശോധിച്ച പൊലീസ് വീട്ടുടമയെക്കൊണ്ട് മദനനെ മൊബൈലിൽ വിളിച്ച് സംസാരിക്കുകയും ശമ്പളം വാങ്ങിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ പ്രതിയുടെ മൊബൈൽ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് പ്രതി കഴക്കൂട്ടം ഭാഗത്തുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴക്കൂട്ടത്തെ കാർത്തിക ബാറിൽ പ്രതിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11ഓടെ ബാറിൽ നിന്ന് പുറത്തിറങ്ങി ആട്ടോയിൽ പോയ പ്രതിയെ പാങ്ങപ്പാറയ്ക്ക് സമീപത്തുവച്ച് പൊലീസ് പിടികൂടുകയായിരുന്നു. മോഷ്ടിച്ച സ്വർണത്തിന്റെ ഒരുഭാഗം പ്രതിയുടെ പോക്കറ്റിൽനിന്നും ബാക്കിയുള്ളവ പാങ്ങപ്പാറയിലെ വാടകവീട്ടിൽ നിന്നും കണ്ടെടുത്തു. ശ്രീകാര്യം എസ്.എച്ച്.ഒയെ കൂടാതെ എസ്.ഐ ആർ. ബിജു, എ.എസ്.ഐമാരായ മഹേഷ്, മനോജ്, എസ്.സി.പി.ഒമാരായ സാബു, മനു, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു