തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസ് മുറിയാക്കിയ യൂണിയൻ ഓഫീസിൽ നിന്ന് ക്ലാസുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ഒന്നാം വർഷ പി.ജി വിദ്യാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി.

യൂണിയൻ ഓഫീസായി പ്രവർത്തിച്ചിരുന്ന കാമ്പസിലെ ഓപ്പൺ സ്റ്റേജിനു പിറകിലെ ഗ്രീൻ റൂമാണ് ജൂലായ് 12ന് നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഒഴിപ്പിക്കാനും ക്ലാസ് മുറിയാക്കാനും നിർദ്ദേശം നൽകിയത്. എന്നാൽ ഡിപ്പാർട്ട്മെന്റിനും ലൈബ്രറിക്കും സമീപത്തുനി​ന്ന് യൂണിയൻ ഓഫീസ് പ്രവർത്തിച്ചിരുന്ന മുറിയിലേക്ക് ക്ലാസ് മാറ്രിയതിൽ ചില വിദ്യാർത്ഥികൾ ആദ്യം തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്റ്റേജിൽ പരിപാടികളും മറ്റ് പ്രാക്ടീസുകളും നടക്കുന്ന സന്ദർഭത്തിൽ പഠനത്തിന് തടസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പലിനും വകുപ്പ് മേധാവിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇവിടെത്തന്നെ ക്ലാസുകൾ തുടരുമെന്നാണ് അദ്ധ്യാപകർ അറിയിച്ചത്. എന്നാൽ അദ്ധ്യാപകരുടെ വ്യക്തിപരമായ തീരുമാനം തങ്ങളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്ന് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. കോളേജ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ലൈബ്രറിയിൽ നിന്ന് പുറത്താക്കിയെന്നും അറ്റൻഡൻസ് നൽകുന്നില്ലെന്നും ആരോപണമുണ്ട്. ഗ്രീൻറൂം ക്ലാസ് മുറിയാക്കിയ സർക്കാർ നടപടിയെ എതിർക്കുന്നില്ലെന്നും എന്നാൽ, പഠനത്തെ ബാധിക്കുന്നതിനാലാണ് ക്ലാസ് മുറി മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. വിദ്യാർത്ഥികളില്ലാത്ത ക്ലാസ്‌മുറിയിൽ ചെന്ന് അദ്ധ്യാപകർ പതിവ് പോലെ ഹാജരും എടുക്കുന്നുണ്ട്. ക്ലാസ് മുറി മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ എസ്.എഫ്.ഐ യുടെ സമ്മർദ്ദമാണെന്നും ആക്ഷേപമുണ്ട്.