തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ, സാങ്കേതിക കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പുതുതായി സ്‌കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കുന്നതിനും കഴിഞ്ഞ വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിച്ചവർക്ക് പുതുക്കുന്നതിനും അപേക്ഷ ഒക്‌ടോബർ 31 വരെ നൽകാം. അപേക്ഷകർ വിജ്ഞാപന പ്രകാരമുള്ള മുസ്ലിം, കൃസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ ഏതെങ്കിലും മതവിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ഇന്ത്യയിൽതന്നെയുള്ള സ്വകാര്യ/സർക്കാർ/കേന്ദ്രസർക്കാർ യൂണിവേഴ്‌സിറ്റികളിലോ/ സ്ഥാപനങ്ങളിലോ/കോളേജുകളിലോ പഠിക്കുന്നവർ ആയിരിക്കണം. അപേക്ഷകർ പഠിക്കുന്ന കോഴ്‌സിന് ചുരുങ്ങിയത് ഒരു വർഷം അദ്ധ്യയന കാലയളവ് ഉണ്ടായിരിക്കണം. മുൻ വാർഷിക ബോർഡ്/ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. അപേക്ഷകർ www.scholarships.gov.inൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. www.minorityaffairs.gov.inലും ലിങ്ക് ലഭ്യമാണ്. അപേക്ഷിക്കുന്നതിനായുള്ള വിശദമായ നിർദേശങ്ങളും നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ ഹോം പേജിൽ ലഭ്യമാണ്. സ്‌കോളർഷിപ്പ് തുക തടസ്സമില്ലാതെ ലഭിക്കുന്നതിനായി അപേക്ഷകർ സ്വന്തം പേരിലുള്ള സജീവമായ ബാങ്ക് അക്കൗണ്ട് തന്നെ അപേക്ഷാ സമയത്ത് നൽകണം.