തിരുവനന്തപുരം: പി.എസ്.സി നിയമനശുപാർശ മെമ്മോ ഉദ്യോഗാർത്ഥികൾക്ക് കമ്മിഷന്റെ ആഫീസിൽ നിന്നും നേരിട്ട് നൽകുന്ന നടപടിക്രമം തുടങ്ങി. തിരുവനന്തപുരത്തെ കമ്മിഷൻ ആസ്ഥാന ആഫീസിൽ വച്ച് ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ സോഷ്യോളജി (ജൂനിയർ) തസ്തികയിലേക്ക് നിയമനശുപാർശ ചെയ്യപ്പെട്ട കെ.നൂർജഹാൻ എന്ന ഉദ്യോഗാർത്ഥിക്ക് ചെയർമാൻ എം.കെ.സക്കീർ നിയമനശുപാർശ നേരിട്ട് കൈമാറിക്കൊണ്ടാണ് തുടക്കമിട്ടത്. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത മറ്റ് ഉദ്യോഗാർത്ഥികൾക്ക് കമ്മിഷനംഗങ്ങൾ നിയമനശുപാർശ വിതരണം ചെയ്തു.
ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ സോഷ്യോളജി (ജൂനിയർ), കേരള ജലഗതാഗത വകുപ്പിൽ ഇലക്ട്രീഷ്യൻ, വിവിധ സർവകലാശാലകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്, കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികകളിലേക്കുളള നിയമനശുപാർശയാണ് വിതരണം ചെയ്തത്.
തപാലിൽ അയയ്ക്കുന്ന നിയമന ശുപാർശ മെമ്മോ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് മെമ്മോ നേരിട്ടുനൽകുന്നതിന് കമ്മിഷൻ തീരുമാനിച്ചത്. നിശ്ചിത ദിവസം എത്തിച്ചേരാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് തുടർന്നുളള പ്രവൃത്തിദിവസങ്ങളിൽ ബന്ധപ്പെട്ട ഓഫീസിൽ ഹാജരായി നിയമനശുപാർശ മെമ്മോ കൈപ്പറ്റാം.