04

കുളത്തൂർ: ശ്രീനാരായണഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ക്ഷേത്രത്തിന്റെ പൈതൃകവും പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിനും യോജിക്കുന്ന രീതിയിൽ നിർമ്മാണം പൂർത്തിയായ തീർത്ഥാടന അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം 17ന് നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ടൂറിസം വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായാണ് സെന്റർ നിർമ്മിച്ചത്. ആർക്കിടെക്ട് ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് ബഹുനില മന്ദിരത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. അമിനിറ്റി സെന്ററിന്റെ മുൻവശത്തെ പോർട്ടികോയും ശ്രീനാരായണ ഗുരുദേവൻ നട്ടുവളർത്തിയ സമീപത്തെ ആൽമരച്ചുവട്ടിലെ ഇരിപ്പിടങ്ങളും ആധുനിക രീതിയിൽ നവീകരിക്കുന്ന ജോലികൾ നടന്നുവരുകയാണ്.


സെന്ററിനുള്ളിൽ ഒരുക്കിയത്
​--------------------------------------------------

ഒരേസമയം 300ഓളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള ഡൈനിംഗ് ഹാളുണ്ട്. മുകളിലത്തെ സൗണ്ട് പ്രൂഫ് സീലിംഗ് ചെയ്‌ത ഹാളിൽ 500 പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിൽ സജ്ജീകരിച്ച ഗ്രീൻ റൂമുകളും സെന്ററിൽ ഒരുക്കിയിട്ടുണ്ട്. മന്ദിരത്തിന്റെ പുറംഭാഗം പുത്തൻ സാങ്കേതിക വിദ്യയിൽ യന്ത്രസഹായത്താൽ ചുമരിൽ പരുക്കൻ പ്രതലം സൃഷ്ടിച്ച് അതിൽ സ്വാഭാവിക ചായം തേച്ച് മനോഹരമാക്കിയിട്ടുണ്ട്. തേക്കിൽ തീർത്ത മന്ദിരത്തിന്റെ കവാടങ്ങളും ജനലുകളും അമിനിറ്റി സെന്ററിന്റെ പ്രത്യേകതയാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച ഗ്രാനൈറ്റ് പാകിയ കിച്ചൻ, ടോയ്‌ലെറ്റ് ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. മന്ദിരത്തിലെ 10 പ്രധാന തൂണുകളിൽ കേരളീയ വാസ്‌തുവിദ്യ ഉൾപ്പെടുന്ന പെയിന്റിംഗ് നടത്തും.

നിർമ്മാണം തുടങ്ങിയത് - 2017ൽ

പദ്ധതിത്തുക - 2.96 കോടി