തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് മരിക്കാനിടയായ സംഭവത്തിൽ മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ച ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നൽകിയ നഗരത്തിലെ ഒരു പ്രധാന പൊലീസ് ഉദ്യോഗസ്ഥനെതിരെയും നടപടി വന്നേക്കും. മദ്യലഹരിയിലായിരുന്ന ശ്രീറാമിന്റെ രക്ത സാമ്പിളുകൾ ശേഖരിക്കാതെ ഡി.ജി.പിയെ തെറ്റിദ്ധരിപ്പിക്കുകയും കേസിന്റെ തുടക്കം മുതൽ യുവ ഐ.എ.എസുകാരനെ കേസിൽ നിന്ന് ഊരാൻ നടത്തിയ ശ്രമങ്ങളിലൂടെ സേനയ്ക്കും സർക്കാരിനും പേരുദോഷമുണ്ടാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ മാറ്റാൻ ആലോചിക്കുന്നത്. കേസിൽ കൃത്യമായ അന്വേഷണവും കർശനമായ നടപടികളും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഡി.ജി.പിയെ വിളിച്ച് വരുത്തി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിർദേശം ഡി.ജി.പി കൈമാറിയപ്പോഴാണ് ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിച്ചതായും അന്വേഷണം ശരിയായ ദിശയിലാണെന്നും ഈ ഉദ്യോഗസ്ഥൻ തെറ്രിദ്ധരിപ്പിച്ചത്.
സിവിൽ സർവീസ് പരിശീലനത്തിൽ തന്റെ സീനിയറായിരുന്ന ഈ ഉദ്യോഗസ്ഥനെയാണ് അപകടമുണ്ടായ ഉടൻ ശ്രീറാം ഫോണിൽ ബന്ധപ്പെട്ട് സഹായം തേടിയത്. ഇദ്ദേഹത്തിന്റെ നിർദേശാനുസരണം സ്ഥലത്തെത്തിയ പൊലീസ് പിന്നീട് ഏമാന്റെ കൽപ്പനകൾക്കനുസരിച്ചാണ് പ്രവർത്തിച്ചത്. അപകട സ്ഥലത്ത് നിന്ന് ശ്രീറാമിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും പെട്ടെന്ന് സ്റ്റേഷനിലെത്തിക്കാനും വിവരമറിഞ്ഞ് മാദ്ധ്യമ പ്രവർത്തകരും മറ്റും സ്റ്റേഷനിലെത്തും മുമ്പെ ഊബർ ടാക്സി വിളിച്ച് യുവതിയെ വീട്ടിലേക്ക് അയക്കാൻ മ്യൂസിയം പൊലീസ് തയ്യാറായതും പൊലീസ് ഉന്നതന്റെ നിർദേശാനുസരണമാണെന്നാണ് അറിവ്. വാഹനം ഓടിച്ചതാരെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കെ കാറോടിച്ചത് താനാണെന്ന് ആദ്യം അവകാശപ്പെട്ട യുവതിയെ , പിന്നീട് മാദ്ധ്യമ പ്രവർത്തകരെത്തി പൊലീസ് നടപടികൾ ചോദ്യം ചെയ്തപ്പോഴാണ് നാലമണിക്കൂറിനുശേഷം തിരികെ വിളിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്.
ജനറൽ ആശുപത്രിയിൽ ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് അയച്ചപ്പോൾ കേസ് ഷീറ്റിൽ ക്രൈം നമ്പർ രേഖപ്പെടുത്താതിരുന്നതിനും മദ്യത്തിന്റെ ഗന്ധമുള്ളതായി ഡോക്ടർ രേഖപ്പെടുത്തിയിട്ടും രക്ത സാമ്പിൾ ശേഖരിക്കാൻ ആവശ്യപ്പെടാതിരുന്നതിലും പൊലീസ് വരുത്തിയ വീഴ്ചയ്ക്ക് ഉദ്യോഗസ്ഥന്റെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് സംശയം. ഇതിൽ വീഴ്ചവരുത്തിയതിന് മ്യൂസിയം സ്റ്റേഷനിലെ എസ്.ഐയ്ക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ നഗരത്തിലെ പൊലീസ് ഉന്നതനെതിരെയും പരാമർശമുണ്ടെന്നാണ് അറിവ്. ഇത് കൂടാതെ ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ശ്രീറാമിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും സുഖവാസത്തിന് അവസരം നൽകുകയും ചെയ്ത പൊലീസ് നടപടികളും ശ്രീറാമും ഐ.പി.എസ് ഓഫീസറുമായുള്ള സൗഹൃദത്തിന്റെ ഫലമാണ്. മെഡിക്കൽ കോളേജ് സെല്ലിൽ ശ്രീറാമിനെ പ്രവേശിപ്പിക്കാതെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജറി ഐ.സിയുവിൽ ഇപ്പോഴും കഴിയുന്നതിന് പിന്നിലും സഹപാഠികളായ ഡോക്ടർമാരുടെ സഹായത്തിനൊപ്പം പൊലീസിന്റെ അനുഗ്രഹാശിസുകളുമുണ്ടെന്നതാണ് അറിയുന്നത്.
അതേസമയം, കേസിൽ ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെ ശ്രീറാമിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസും കോടതിയെ സമീപിച്ചിട്ടുണ്ട്.