kashmir

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ വിഭജിക്കാനും പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും കനത്ത പ്രതിപക്ഷ ബഹളത്തിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. രാജ്യത്തെ എല്ലാ നിയമങ്ങളും തെറ്റിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നിയമ നിർമാണം നടത്തിയതെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരവാസ്ഥയാണെന്നും കാശ്‌മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. താൻ ഏത് നിയമമാണ് തെറ്റിച്ചതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാശ്‌മീരിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാക്കുക മാത്രമാണ് ചെയ്‌തതെന്നം അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഇപ്പോഴും ലോക്‌സഭയിൽ ചർച്ച പുരോഗമിക്കുകയാണ്.

ഇന്നലെയാണ് ബില്ല് രാജ്യസഭയിൽ പാസാക്കിയത്. ജമ്മുകാശ്മീരിനെ വിഭജിക്കുന്ന ബിൽ 61നെതിരെ 125 വോട്ടുകൾക്കാണ് ഇന്നലെ രാജ്യസഭയിൽ പാസായത്. ബി.എസ്.പി, ബിജു ജനതാദൾ, അണ്ണാ ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ്, ആംആദ്മി, ടി.ഡി.പി, ശിവസേന എന്നിവർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇന്ന് ലോക്സഭയിലും വൻ ഭൂരിപക്ഷത്തോടുകൂടി ബില്ല് പാസാക്കാൻ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഇന്നും ബി.എസ്.പി, ബിജു ജനതാദൾ എന്നിവർ ബില്ലിനെ അനുകൂലിക്കും.

ജമ്മു കാശ്മീർ വിഭജനത്തിന് പാർലമെന്റ് അംഗീകാരം ലഭിച്ച ശേഷം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ലോക്സഭ ചർച്ചയ്ക്കെടുത്ത ശേഷം ഇന്ന് തന്നെ ബില്ല് പാസാക്കിയെടുക്കാനാണ് കേന്ദ്ര തീരുമാനം. രാജ്യസഭയിൽ ബില്ല് അവതരിപ്പിക്കാനെത്തിയ അമിത് ഷായുടെ കൈയ്യിലിരുന്ന ഫയൽ മാദ്ധ്യമങ്ങളുടെ ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ഫയലിൽ. അതേ സമയം ഔദ്യോഗിക അറിയിപ്പുണ്ടാകുന്നതിന് മുമ്പ് തന്നെ വിവരം ചോർന്നതിനാൽ തീരുമാനത്തിൽ മാറ്റം വരുത്താനുള്ള സാദ്ധ്യതയുമുണ്ട്. സ്ഥിതി ഗതികൾ മനസിലാക്കാൻ ആഭ്യന്തര സെക്രട്ടറി ജമ്മു കാശ്മീരിൽ സന്ദർശനം നടത്തും. അമിത് ഷായുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരാനും തീരുമാനമായിട്ടുണ്ട്. വിഷയത്തെ പറ്റി പ്രതിപക്ഷത്തിന് ചർച്ച ചെയ്യാമെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താൻ തയാറാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ശബ്ദ വോട്ടോടു കൂടിയാണ് ബില്ല് ഇന്നലെ രാജ്യസഭ പാസാക്കിയത്. ഇന്ന് സോണിയാ ഗാന്ധി യുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയോഗവും വിളിച്ചിട്ടുണ്ട്.

ആശങ്കയറിയിച്ച് അമേരിക്ക, യു.എൻ

ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ആശങ്കയറിയിച്ച് അമേരിക്ക. സംഭവങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യു.എസ് അറിയിച്ചു. ജമ്മു കാശ്മീർ വിഭജനം ആഭ്യന്തര പ്രശ്നമാണെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചതായി അമേരിക്കൻ വക്താക്കൾ വ്യക്തമാക്കിയിരുന്നു. നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സമാധാനം പുലർത്തണമെന്നും കാശ്മീർ ജനവിഭാഗത്തിന്റെ ആശങ്ക പരിഗണിക്കണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.

അതിർത്തിയിലെ സംഘ‌ർഷ സാദ്ധ്യതയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറൽ വക്താവും അഭിപ്രായപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും സംയനം പാലിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങൾക്കും സമാധാനം പുലർത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയാറാണെന്നും യു.എൻ വ്യക്തമാക്കി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് വിഭജിക്കാനുള്ള നീക്കത്തിനെതിരെ ഇന്നലെ തന്നെ പാകിസ്ഥാൻ പ്രതിക്ഷേധമറിയിച്ചിരുന്നു. പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യൻ ഹൈകമ്മീഷണറെ വിളിച്ചു വരുത്തിയാണ് പ്രതിക്ഷേധമറിയിച്ചത്. അതേ സമയം സംഭവം ചർച്ച ചെയ്യാൻ പാക് പാർലെമെന്റിന്റെ സംയുക്ത സമ്മേളനവും ഇന്ന് നടക്കും.