plant

പൂന്തോട്ടങ്ങൾ കാണാൻ ഇഷ്‌ടമുള്ളവരാണ് എല്ലാവരും. പൂക്കൾ കാണുമ്പോൾ അവയെ ഒന്ന് തൊടാതെയെങ്കിലും പോകാൻ പലർക്കും തോന്നാറില്ല. പക്ഷേ, ഇംഗ്ലണ്ടിലെ നോർത്തം ബർലാൻഡിലുള്ള ഉദ്യാനത്തിലെ ചെടികളെ തൊടാൻ പോയാൽ പണി പാളും. കാണാനൊക്കെ നല്ല ഭംഗിയാണ്. പക്ഷേ, അങ്ങോട്ടേക്ക് അടുക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

വിഷച്ചെടികൾക്ക് വേണ്ടി മാത്രമുള്ള 'പോയിസൺ ഗാർഡൻ' ആണിത്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. 2005ൽ നോർത്തം ബർലാൻഡിലെ പ്രഭ്വിയായ ജെയ്ൻ പേഴ്സിയാണ് ഈ ഉദ്യാനം സ്ഥാപിക്കുന്നത്. ഇവിടത്തെ പ്രസിദ്ധമായ ഏനിക് ഗാർഡന്റെ ഭാഗമാണ് പോയിസൺ ഗാർഡനും. ലോകത്തെ ഏറ്റവും മാരകമായ 100ലേറെ വിഷച്ചെടികളാണ് ഇവിടെ ഉള്ളത്. പോയിസൺ ഗാർഡനിലേക്കുള്ള കവാടത്തിനു മുന്നിൽ തന്നെ അപായ സൂചന വ്യക്തമായി നൽകിയിട്ടുണ്ട്. 'ഈ ചെടികൾ നിങ്ങളെ കൊന്നേക്കാം !'.

1995ലാണ് ജെയ്ൻ പേഴ്സി നോർത്തം ബർലാൻഡിലെ പ്രഭ്വിയായി സ്ഥാനമേറ്റത്. പ്രഭ്വിയുടെ ഔദ്യോഗിക വസതിയായ ഏനിക് കാസിലിന് സമീപം നീണ്ടു പരന്നു കിടന്ന ഏനിക് ഗാർഡിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് പ്രഭ്വിയ്‌ക്ക് അപ്പോൾ തോന്നി. പ്രഭ്വിയുടെ നേതൃത്വത്തിൽ നടത്തിയ പുനഃരുദ്ധാരണം ഏനിക് ഗാർഡനെ നിരവധി ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമാക്കി മാറ്റി.

അപ്പോൾ പ്രഭ്വിയുടെ മനസിൽ വീണ്ടും ഒരു ആശയം തോന്നി. കാഴ്‌ചക്കാരെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ എന്തെങ്കിലും ഏനിക് ഗാർഡനിൽ വേണം. അത് തികച്ചും വ്യത്യസ്തവുമായിരിക്കണം. അതിന് പ്രഭ്വി തന്നെ കണ്ടെത്തിയ ഐഡിയ ആയിരുന്നു ഈ ആളെ കൊല്ലി ചെടികളുടെ പൂന്തോട്ടം! വിഷച്ചെടികൾക്ക് പുറമേ കഞ്ചാവ്, ഓപിയം തുടങ്ങിയ ലഹരി സസ്യങ്ങളും ഇവിടെയുണ്ട്. അതീവ അപകടകാരികളായതിനാൽ മിക്ക ചെടികളെയും കൂട്ടിനുള്ളിലാക്കിയിട്ടുണ്ട്.