1
Oommen Chandy

തിരുവനന്തപുരം : ജമ്മുകാശ്‌മീരിനെ വിഭജിച്ച കേന്ദ്ര സർക്കാർ രാജ്യതാത്പര്യം സംരക്ഷിക്കാനും ജനങ്ങളെ വിശ്വാസത്തിലെടുക്കാനും തയ്യാറായില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 54ാം വാർഷികസമ്മേളനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജവഹർലാൽ നെഹ്റുവിനെ പോലുള്ള നേതാക്കൾ രാജ്യതാത്പര്യത്തിന് എല്ലാം സമർപ്പിച്ചുകൊണ്ടെടുത്ത തീരുമാനത്തെ ഒരു ചർച്ച പോലുമില്ലാതെ തള്ളിക്കളയുകയാണ് കേന്ദ്രം ചെയ്തത്. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയാണ് ഇടതുസർക്കാർ നിലകൊള്ളുന്നത്. എൽ.ഡി.എഫ് ജീവനക്കാരെ ദ്രോഹിക്കുകയാണ്. ശമ്പളക്കമ്മിഷനെ ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ജെ. ബെൻസി അദ്ധ്യക്ഷനായിരുന്നു. എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് മുഖ്യാതിഥിയായിരുന്നു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ശ്രീകുമാർ സ്വാഗതവും ട്രഷറർ എം.എസ്. ജ്യോതിഷ് നന്ദിയും പറഞ്ഞു.

ജീവനക്കാർക്ക് ഇടക്കാല ആശ്വാസം

അനുവദിക്കണം: ചെന്നിത്തല

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശമ്പളക്കമ്മിഷന്റെ കാലാവധി ജൂലായിൽ അവസാനിച്ചിട്ടും പുതിയ കമ്മിഷനെ നിയമിച്ചിട്ടില്ല. ഉപദേശകരെ തട്ടി സെക്രട്ടേറിയറ്റിൽ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. സെക്രട്ടേറിയറ്റിൽ കൂടുതൽ ഫയൽ കെട്ടികിടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും ചെന്നിത്തല പറഞ്ഞു.