യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കത്തിക്കുത്തു കേസിലെ പ്രതികൾ സായുധപൊലീസ് റിക്രൂട്ട്മെന്റിനുള്ള റാങ്ക് പട്ടികയിൽ പ്രഥമ സ്ഥാനങ്ങളിൽ ഉൾപ്പെട്ട വിവരം പുറത്തു വന്നപ്പോൾത്തന്നെ എന്തോ പന്തികേട് മണത്തിരുന്നു. പ്രതിയായ ശിവരഞ്ജിത്ത് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. പ്രണവ് രണ്ടാം സ്ഥാനത്തും നസീം ഇരുപത്തെട്ടാം സ്ഥാനത്തുമാണ്. മൂന്നുപേരും തിരുവനന്തപുരം ജില്ലയിൽ മൂന്നു കേന്ദ്രങ്ങളിലായാണ് പരീക്ഷ എഴുതിയത്. എന്നാൽ മത്സര പരീക്ഷയിൽ മൂവരും നേടിയ ഉയർന്ന റാങ്കിനു പിന്നിൽ ആസൂത്രിതമായി നടന്ന ക്രമക്കേടാണെന്ന് അന്നേ സൂചനകൾ ലഭിച്ചിരുന്നു.
പി.എസ്.സിയുടെ തന്നെ വിജിലൻസ് വിഭാഗം സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സൂചനകൾ വാസ്തവമാണെന്നു തെളിഞ്ഞിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മൂന്നുപേർക്കും പി.എസ്.സി ആജീവനാന്ത വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം സംസ്ഥാനത്തിന് പുറത്തുള്ള നിയമന ഏജൻസികൾക്കും കൈമാറും. സംശയ ദൃഷ്ടിയിലായ കാസർകോട് കെ.എ.പി നാലാം ബറ്റാലിയനു വേണ്ടി പി.എസ്.സി തയാറാക്കിയ റാങ്ക് ലിസ്റ്രിൽ നിന്നുള്ള നിയമനങ്ങൾ താത്കാലികമായി മരവിപ്പിക്കാനും തിങ്കളാഴ്ച നടന്ന പി.എസ്.സി യോഗം തീരുമാനിച്ചിട്ടുണ്ട്. ക്രമക്കേടിന്റെ വിശദാംശങ്ങൾ പുറത്തു കൊണ്ടുവരാൻ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടും. ഈ അന്വേഷണം സത്യസന്ധവും വസ്തുനിഷ്ഠവുമാകുമെന്ന് ഉറപ്പാക്കുകയും വേണം. കുത്തുകേസ് പ്രതികൾ വഴി പി.എസ്.സിക്ക് നേരിട്ട ഈ കളങ്കം ജനമനസുകളിൽ നിന്നു മായ്ക്കണമെങ്കിൽ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മുഴുവൻ സത്യവും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. പി.എസ്.സി പരീക്ഷകളും നിയമനപട്ടിക തയാറാക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള ജനവിശ്വാസം ഊട്ടി ഉറപ്പിക്കാൻ പര്യാപ്തമാംവിധം വിപുലമായിരിക്കണം അന്വേഷണം.
പരീക്ഷാത്തട്ടിപ്പും പരീക്ഷകളിലെ ആൾമാറാട്ടവുമൊക്കെ സംസ്ഥാനത്ത് അപൂർവസംഭവമൊന്നുമല്ല.സർവകലാശാല പരീക്ഷകളുമായി ബന്ധപ്പെട്ട് ഇപ്പോഴും ഇടയ്ക്കിടെ ഇത്തരം കേസുകൾ ഉണ്ടാകാറുണ്ട്. എന്നാൽ പി.എസ്.സി നടത്തുന്ന മത്സരപരീക്ഷകൾ ഏറക്കുറെ ആക്ഷേപങ്ങളിൽ നിന്ന് മുക്തമാണ്. ചോദ്യങ്ങളിൽ കടന്നുകൂടുന്ന ചില്ലറ തെറ്റുകളെക്കുറിച്ചോ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ വരുന്ന കാലതാമസത്തെക്കുറിച്ചോ പരാതികൾ ഉയരാറുണ്ടെങ്കിലും കാസർകോഡ് സായുധ പൊലീസ് ബറ്റാലിയൻ മത്സര പരീക്ഷയിൽ ഇപ്പോൾ എസ്.എഫ്.ഐയുടെ ചില നേതാക്കൾ നടത്തിയതു പോലുള്ള ഞെട്ടിക്കുന്ന ക്രമക്കേടുകൾ വളരെ അപൂർവമായേ നടന്നിട്ടുള്ളൂ. എത്രത്തോളം ആസൂത്രിതമായിട്ടാണ് പ്രതികൾ ഇതിനായുള്ള കരുക്കൾ നീക്കിയതെന്നറിയണമെങ്കിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടിവരും. പി.എസ്.സിക്ക് അകത്തും പുറത്തുമൊക്കെ പ്രതികൾക്ക് ഇതിനായി വേണ്ടത്ര സഹായം ലഭിച്ചിരിക്കുമെന്ന് തീർച്ച.
ക്രമക്കേടിന്റെ പേരിൽ ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങേണ്ടിവന്ന മൂന്നു യുവാക്കളും അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈൽ സംവിധാനം വഴിയാകാം ചോദ്യങ്ങൾ പുറത്തെത്തിച്ച് ഉടനടി ഉത്തരം വരുത്തി പരീക്ഷ എഴുതിയിട്ടുള്ളതെന്നാണ് ഇതിനകം നടന്ന അന്വേഷണത്തിൽ ലഭിച്ച വിവരം. ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണുകളിലേക്ക് പരീക്ഷാ സമയത്ത് എസ്.എം.എസ് പ്രവാഹമായിരുന്നുവത്രെ. പരീക്ഷാസമയമായ ഒന്നേകാൽ മണിക്കൂറിനിടെ തൊണ്ണൂറു സന്ദേശങ്ങൾ ഒരേ ഫോണിൽ നിന്ന് വന്നതിൽ നിന്നുതന്നെ കാര്യങ്ങൾ ബോദ്ധ്യമാകും. ലോകത്ത് ഒരിടത്തും പരീക്ഷാഹാളിൽ മൊബൈൽ ഫോണോ അതുപോലുള്ള സംവിധാനങ്ങളോ അനുവദിക്കാറില്ല. കർക്കശമായ പരിശോധനകൾക്ക് ശേഷമേ ഉദ്യോഗാർത്ഥികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുകയുള്ളൂ. ഇത്തരം നിബന്ധനകൾ പി.എസ്.സിക്കും ബാധകമാണെന്നാണ് വയ്പ്.
എന്നാൽ ചോദ്യങ്ങൾ പകർത്തി പുറത്തെത്തിച്ച് ഫോൺ വഴി ഉത്തരങ്ങൾ വരുത്തി പകർത്തിയെഴുതി ഉന്നതറാങ്കുകൾ നേടാൻ മിടുക്കു കാണിച്ചവർക്കുമുമ്പിൽ ചട്ടവും നിബന്ധനകളുമൊക്കെ ആവിയായി പോയതെങ്ങനെയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. പരീക്ഷാഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്വയം കണ്ണടച്ചതോ മറ്റാരെങ്കിലും കണ്ണുകെട്ടിയതോ എന്നും അറിയേണ്ടതുണ്ട്. രണ്ടായാലും പി.എസ്.സിയുടെ വിശ്വാസ്യതയും പരീക്ഷാനടത്തിപ്പിലെ ഗുരുതരമായ പാളിച്ചയുമാണ് ഈ സംഭവത്തിൽ തെളിഞ്ഞുകാണുന്നത്. ചോദ്യപേപ്പർ തന്നെ ചോർന്നതാണോ എന്ന സംശയവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. ക്രമക്കേടുകളിലൂടെ റാങ്ക് പട്ടികയിൽ ഉന്നതസ്ഥാനം നേടാനാവുമെന്നും തെളിഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഇതിനു മുൻപ് ഏതേതെല്ലാം പരീക്ഷകളിൽ ഭരണ തലങ്ങളിൽ പിടിപാടും സ്വാധീനവുമുള്ളവർ മുൻപന്തിയിൽ കയറിക്കൂടിയിട്ടുണ്ടാവും എന്ന ആലോചന പോലും ഞെട്ടലുളവാക്കുന്നതാണ്. സ്വതന്ത്രവും നൂറു ശതമാനവും നിഷ്പക്ഷവുമായി നടക്കേണ്ട പി.എസ്.സി പരീക്ഷകളുടെ വിശുദ്ധിയും വിശ്വാസ്യതയുമാണ് സംശയ നിഴലിലായിരിക്കുന്നത്. ഇടപെടലുകൾക്കും ദുസ്വാധീനങ്ങൾക്കും വഴങ്ങുമെന്നുവന്നാൽ പി.എസ്.സിയ്ക്ക് പിന്നെ എന്തു നിലനില്പാണുള്ളത്.
പി.എസ്.സി പരീക്ഷകളിലും ക്രമക്കേടുകൾക്കു സാദ്ധ്യതയുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഗൗരവമായ പരിഹാര നടപടികളെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്. ഒരുവിധ ബാഹ്യ ഇടപെടലുമില്ലാത്ത തരത്തിൽ പരീക്ഷാ നടത്തിപ്പ് ഉറപ്പാക്കണം. പരീക്ഷകളുടെ രഹസ്യ സ്വഭാവം ചോരുന്ന സ്ഥിതി ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതാണ്. പരീക്ഷാഹാളുകൾ നിശ്ചയിക്കുന്നതിലും ഇൻവിജിലേറ്റർമാരെ നിയമിക്കുന്നതിലും സൂക്ഷ്മത പുലർത്തണം. ഇൻവിജിലേറ്റർ കൂടി സഹായിച്ചതുകൊണ്ടാകണം കുത്തുകേസ് പ്രതികൾക്ക് അനായാസം പരസഹായത്തോടെ പരീക്ഷ എഴുതാനായത്. പി.എസ്.സിയുടെ പരീക്ഷാ സമ്പ്രദായം അമ്പേ ഉടച്ചു വാർക്കുന്നതിന്റെ ആവശ്യത്തിലേക്കാണ് ഇപ്പോഴത്തെ വിവാദസംഭവം വിരൽ ചൂണ്ടുന്നത്.