തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ മുൻ എസ്.എഫ്.ഐ നേതാക്കളായ മൂന്നുപേർ പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയത് വിവാദമാകുമ്പോൾ ഒൻപത് കൊല്ലം മുമ്പ് മറ്റൊരു പി.എസ്.സി പരീക്ഷാതട്ടിപ്പും സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സംസ്ഥാന പൊലീസിൽ ജനറൽ എക്സിക്യുട്ടീവ് ബ്രാഞ്ചിലെ എസ്.ഐ തസ്തികയുൾപ്പെടെ അരഡസനോളം പരീക്ഷകളിൽ ആൾമാറാട്ടവും ചോദ്യ പേപ്പർ ചോർത്തലും നടത്തിയ കേസാണത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതികൾ അകത്തായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോഴത്തെ തട്ടിപ്പ് പുറത്തുവന്നത്. എന്നാൽ, അന്ന് ഒരു ഊമക്കത്താണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. 2010ൽ പി.എസ്.സി നടത്തിയ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ചവറ ശങ്കരമംഗലം സ്കൂളിൽ ആൾമാറാട്ടവും ക്രമക്കേടും നടന്നു എന്ന് കാട്ടിയാണ് അന്ന് പി.എസ്.സിക്ക് ഊമക്കത്ത് ലഭിച്ചത്. അതാണ് അന്നത്തെ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്.
കൊല്ലം വാളത്തുംഗൽ സ്വദേശി സുന്ദർദാസ് ആൾമാറാട്ടം വഴി ശങ്കരമംഗലം സ്കൂളിൽ പി.എസ്.സി പരീക്ഷയിൽ പങ്കെടുത്തുവെന്നായിരുന്നു കത്ത്. ഊമക്കത്ത് വിശദമായി അന്വേഷിക്കാൻ പി.എസ്.സി അന്നത്തെ കൊല്ലം കമ്മിഷണറായിരുന്ന ഹർഷിത അട്ടല്ലൂരിക്ക് കൈമാറി. കൊല്ലം ഈസ്റ്റ് സി.ഐയായിരുന്ന (ഇപ്പോഴത്തെ ആലപ്പുഴ അഡീഷണൽ എസ്.പി) ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടുപിടിക്കപ്പെട്ടത്.
ഹാൾ ടിക്കറ്റിൽ ഫോട്ടോ മാറ്റിയൊട്ടിച്ചായിരുന്നു ആൾമാറാട്ടം. ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ തട്ടിപ്പിനെക്കുറിച്ച് നടന്ന അന്വേഷണത്തിലാണ് അക്കാലത്ത് പി.എസ്.സി നടത്തിയ എസ്.ഐ പരീക്ഷ, രണ്ട് എൽ.ഡി.സി പരീക്ഷകൾ, എച്ച്.എസ്.എ തുടങ്ങി അരഡസനോളം പരീക്ഷകളിലെ ക്രമക്കേട് വ്യക്തമായത്. ആറ്റിങ്ങലിലെ വ്യവസായ വകുപ്പ് ഓഫീസിലെ ജീവനക്കാരനായ കൊല്ലം സ്വദേശി പ്രകാശ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പുകൾക്ക് പിന്നിലെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ശരീരത്ത് രഹസ്യഭാഗങ്ങളിൽ ഒളിപ്പിക്കുന്ന മൊബൈൽ ഫോണുമായി പരീക്ഷാഹാളിൽ പ്രവേശിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഫോൺ വഴി ചോദ്യങ്ങളുടെ ഉത്തരങ്ങൾ കൈമാറുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. പ്രകാശ് ലാലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പാരലൽ കോളേജിൽ കേന്ദ്രീകരിച്ച് പരീക്ഷാ ദിവസങ്ങളിൽ ഉത്തരങ്ങൾ ആവശ്യക്കാർക്ക് ഫോൺ വഴി നൽകിയിരുന്നത്. പരീക്ഷാ ഹാളിൽ നിന്ന് പുറത്തേക്ക് ചുരുട്ടിയിടുന്ന ചോദ്യപ്പേപ്പർ ഇൻവിജിലേറ്റർമാരറിയാതെ കടത്തിക്കൊണ്ടുപോയി ഫോൺ വഴി പറഞ്ഞുകൊടുക്കുന്ന രീതിയും കണ്ടെത്തി.
കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രധാന പ്രതി പ്രകാശ് ലാലിനെ രണ്ട് വർഷം മുമ്പ് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ മരണവും ദുരൂഹമാണെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രകാശ് ലാലുൾപ്പെടെ 39 പ്രതികളെയാണ് പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ യുവാവും തട്ടിപ്പിൽ അറസ്റ്റിലായിരുന്നു. ഈ തട്ടിപ്പ് പുറത്തുവന്നതോടെയാണ് ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്നതും മൊബൈൽ ഫോണിന് പരീക്ഷഹാളിൽ വിലക്കേർപ്പെടുത്തിയതുമുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ പി.എസ്.സി നടപ്പാക്കിയത്.
സ്പെഷ്യൽ പ്രോസിക്യൂട്ടറായില്ല
ഒൻപത് കൊല്ലം മുമ്പ് നടന്ന ഈ പരീക്ഷാതട്ടിപ്പ് കേസ് വിചാരണ കാത്ത് കഴിയുകയാണ്. ഇതുവരെ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം നടന്നിട്ടില്ല. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ആരെ നിയമിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ഇപ്പോഴത്തെ തട്ടിപ്പ് എങ്ങനെ?
കെ.എ.പി നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കാസർകോട് റാങ്ക് പട്ടികയിൽ യൂണിവേഴ്സിറ്റി കോളേജിലെ അഖിൽ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് ഒന്നാം റാങ്കും സഹപാഠിയായ പ്രണവ് രണ്ടാം റാങ്കും കൂട്ടുപ്രതിയായ നസിം 28-ാം റാങ്കും നേടിയതിൽ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ തട്ടിപ്പിന്റെ രീതിയെപ്പറ്റി കൂടുതൽ അന്വേഷണം നടന്നേക്കും. പരീക്ഷ നടക്കുന്ന സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേയ്ക്ക് 96 സന്ദേശങ്ങളും പ്രണവിന്റെ ഫോണിലേയ്ക്ക് 78 സന്ദേശങ്ങളും വന്നതായി പി.എസ്.സി ചെയർമാൻ എം.കെ സാക്കീർ ഇന്നലെ പറഞ്ഞിരുന്നു. സന്ദേശങ്ങൾ അയച്ച ഫോൺ നമ്പറുകൾ ശേഖരിക്കുകയും ഉടമകളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞേക്കാം. അതുവഴി ചോദ്യപേപ്പർ എങ്ങനെ പുറത്തുപോയി എന്നത് സംബന്ധിച്ച വ്യക്തതയും വരും.
ചോദ്യപേപ്പർ പുറത്തുപോകാനുള്ള സാദ്ധ്യതകൾ
1. പരീക്ഷ നടക്കുന്ന സമയത്ത് ഏതെങ്കിലും വിധത്തിൽ ചോദ്യപേപ്പർ പുറത്തെത്തിച്ചിരിക്കാം. അതിന് ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നതും കണ്ടെത്തണം.
2. മൊബൈൽ ഫോണോ മറ്രേതെങ്കിലും സംവിധാനങ്ങളോ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് പുറത്തേക്ക് അയച്ചുകൊടുത്തിട്ടുണ്ടാകാം.
3. കാമറയുള്ള സ്മാർട്ട് വാച്ചുകളുണ്ട്. അതിലൂടെ ചോദ്യപേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തി ആർക്കെങ്കിലും അയച്ച് കൊടുത്തതാവാം.
4. പരീക്ഷാസമയം കഴിയുന്നതിന് മുമ്പ് പുറത്തിറങ്ങിയവർ പറഞ്ഞുകൊടുത്ത ചോദ്യങ്ങൾ ഉത്തരങ്ങളായി മൊബൈൽ വഴി എത്തിച്ചിരിക്കാം. എന്നാൽ, അതിന് സാദ്ധ്യത കുറവാണ്. ചോദ്യങ്ങൾ മുഴുവൻ ഓർത്തെടുത്ത് പറഞ്ഞുകൊടുക്കുക അസാദ്ധ്യം. മാത്രമല്ല, പരീക്ഷാ സമയമായ രണ്ടു മണി മുതൽ 3.15 വരെ ഇവരുടെ ഫോണുകളിലേയ്ക്ക് തുടർച്ചയായി സന്ദേശങ്ങൾ വന്നുവെന്നാണ് പി.എസ്.സി കണ്ടെത്തിയിരിക്കുന്നത്.