തിരുവനന്തപുരം: പി.എസ്.സി ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്ന സ്ഥാപനമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പരിശോധിക്കപ്പെടേണ്ട കാര്യങ്ങളിൽ പി.എസ്.സി കണ്ണടയ്ക്കില്ലെന്നും മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും ക്രമക്കേടുണ്ടായിട്ടുണ്ടെങ്കിൽ പി.എസ്.സിക്ക് അത് കണ്ടെത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായി നടത്തിയ ഇടപെടലും അന്വേഷണവുമാണ് ഇപ്പോഴത്തെ നടപടികൾക്ക് കാരണം. നടപടിക്ക് വിധേയരായവർ ഇപ്പോൾ എസ്.എഫ്.ഐ ക്കാരൊന്നുമല്ല. എസ്.എഫ്.ഐയിൽ നിന്ന് പുറത്താക്കിയവരാണ്. നിങ്ങൾ വീണ്ടും എസ്.എഫ്.ഐക്ക് നേരെ ചാടിക്കേറണ്ട. തെറ്റ് ചെയ്യുന്നവർ ആരായാലും ഏതു പാർട്ടിക്കാരായാലും ഈ ഭരണകാലത്ത് അവർ സംരക്ഷിക്കപ്പെടില്ല. പി.എസ്.സിയും അവരെ സംരക്ഷിക്കില്ല. കുറ്റം ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണം. എസ്.എഫ്.ഐക്കാരാണോ സി.പി.എം കാരാണോ എന്ന് നോക്കില്ല. നിയമത്തിന് മുന്നിൽ ഒരേപോലെ കാണും.
മാദ്ധ്യമപ്രവർത്തകൻ ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ആദ്യം ചെറിയ വീഴ്ചയുണ്ടായി. അതുകൊണ്ടാണല്ലോ ഒരു സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത്. ഇപ്പോൾ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമാണ് കേസന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.