തിരുവനന്തപുരം: ജമ്മുകാശ്മീർ വെട്ടിമുറിച്ചത് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞിട്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ജമ്മുകാശ്മീർ വിഭജനത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് ജമ്മുകാശ്മീർ വിഭജനം.
കേരളം ഇന്ത്യയുടെ ഭാഗമാണെന്ന സമീപനമല്ല കേന്ദ്രത്തിനുള്ളതെന്ന് കഴിഞ്ഞ ബഡ്ജറ്റ് തെളിയിച്ചു. കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും റെയിൽവേ മെഡിക്കൽ കോളേജും നിഷേധിച്ചു. പാലക്കാട് കോച്ച് ഫാക്ടറിക്ക് തുക വകയിരുത്തിയില്ല. സാധനങ്ങളുടെ വില കൂട്ടുന്നതിലൂടെ സമാഹരിക്കുന്ന പണമുപയോഗിച്ച് തങ്ങൾക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ ഭരണകൂടത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർനാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ. പ്രകാശ് ബാബു, മാത്യു ടി. തോമസ്, ടി.പി. പീതാംബരൻ മാസ്റ്റർ, വി. സുരേന്ദ്രൻപിള്ള, ആന്റണിരാജു, ഉഴമലയ്ക്കൽ വേണുഗോപാൽ, സതീഷ്ബാബു, സി. വേണുഗോപാലൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ സ്വാഗതവും ഫിറോസ് ലാൽ നന്ദിയും പറഞ്ഞു.
മ്യൂസിയം ജംഗ്ഷനിൽ നിന്ന് രാവിലെ 11ന് തുടങ്ങിയ മാർച്ചിൽ വനിതകളടക്കമുള്ള പ്രവർത്തകരുടെ വൻ പങ്കാളിത്തമാണ് ഉണ്ടായത്. മാർച്ച് തുടങ്ങിയതോടെ മ്യൂസിയം- വെള്ളയമ്പലം - കവടിയാർ റോഡിൽ ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു.