തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ആദ്യം ഖാദർ കമ്മിറ്റി റിപ്പോർട്ട് അറബിക്കടലിൽ ഒഴുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഖാദർ കമ്മിറ്റി വിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച ത്രിദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇനി 449 ദിവസം മാത്രമാണ് ഈ സർക്കാരിന് അവശേഷിക്കുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിലായിരിക്കും പിണറായി സർക്കാരിനെ ജനങ്ങൾ തള്ളുക. പകുതി മാത്രം പുറത്ത് വന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് ധൃതി പിടിച്ച് നടപ്പിലാക്കാനാണ് നീക്കം. എല്ലാവരുമായി ചർച്ച നടത്തി ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയാണ് ഇത്തരം റിപ്പോർട്ടുകൾ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവും പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാനുമായ എം.കെ. മുനീർ അദ്ധ്യക്ഷത വഹിച്ചു.
പി. ഉബൈദുള്ള എം.എൽ.എ, ബാബു ദിവാകരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത് ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ശൂരനാട് രാജശേഖരൻ, എം. സലാഹുദ്ദീൻ, കോ-ഓർഡിനേറ്റർ ജി.വി. ഹരി, ഷിഹാബുദ്ദീൻ, വി.കെ. അജിത് കുമാർ, ആർ. അരുൺകുമാർ, എ.കെ. സൈനുദ്ദീൻ, എ.എം. ജാഫർ ഖാൻ, ജെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.