തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസിൽ പ്രതികളായ മുൻ എസ്.എഫ്.ഐ നേതാക്കൾ പരീക്ഷാസംവിധാനങ്ങളെ അട്ടിമറിച്ചെന്ന് പി.എസ്.സി തന്നെ സമ്മതിച്ച സാഹചര്യത്തിൽ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊലീസ് കേസ് അന്വേഷിച്ചാൽ അട്ടിമറിക്കപ്പെടുമെന്നതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.പി.എസ്.സിയുടെ വിശ്വാസ്യത തകർന്നുവെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി അത് നിഷേധിച്ചു. എന്നാൽ പി.എസ്.സി വിജിലൻസിന്റെ കണ്ടെത്തലോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നു. പ്രതികൾ റാങ്ക്‌ലിസ്റ്റിലെത്തിയത് പരിശോധിച്ചാൽ പി.എസ്.സിയുടെ കൃത്യവിലോപവും സ്വജനപക്ഷപാതവും വ്യക്തമാകും. മൂന്ന് പേർ മാത്രമാണോ ക്രമക്കേട് നടത്തിയതെന്ന് കണ്ടെത്തണം. പരീക്ഷ അട്ടിമറിച്ച് സ്വന്തക്കാർക്ക് റാങ്ക് നേടിക്കൊടുക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. പ്രതികൾക്ക് പരീക്ഷാസെന്റർ മാറ്റിക്കൊടുത്തത് ചട്ടലംഘനമാണ്. പി.എസ്.സി ചെയർമാൻ അറിയാതെ ഇത് നടക്കില്ലെന്നതിനാൽ ചെയർമാന്റെ പങ്കും അന്വേഷിക്കണം. എസ്.എം.എസ് വഴി ഉത്തരങ്ങൾ ലഭിച്ചെന്നാണ് പി.എസ്.സിയുടെ കണ്ടെത്തൽ. പരീക്ഷാഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കണമെങ്കിൽ ഇൻവിജിലേറ്റർ അറിയണം. അങ്ങനെയെങ്കിൽ ഇൻവിജിലേറ്ററുടെ പങ്ക് അന്വേഷിക്കുന്നുണ്ടോയെന്നതും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു ചെന്നിത്തല പറഞ്ഞു.