business
BUSINESS

തിരുവനന്തപുരം:പത്ത് കോടി വരെ മുതൽമുടക്കുള്ളതും വലിയ മലിനീകരണമുണ്ടാക്കാത്തതുമായ വ്യവസായങ്ങൾ ലൈസൻസോ പെർമിറ്റോ ഇല്ലാതെ തുടങ്ങാൻ കഴിയുംവിധം ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തിയേക്കും.

ഇക്കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

എന്നാൽ മൂന്ന് വർഷത്തിനകം വ്യവസായികൾ നിയമാനുസൃതമായ എല്ലാ അനുമതികളും നേടിയിരിക്കണം. നിയമപരമായ അനുമതികൾ വൈകുന്നതുമൂലം സംരംഭകർക്കുള്ള പ്രയാസങ്ങൾ തീർത്തും ഒഴിവാക്കാനാണ് സർക്കാരിന്റെ നീക്കം. പത്തുകോടിയിലധികം മുതൽമുടക്കുള്ള എല്ലാ വ്യവസായങ്ങളുടെയും അനുമതി വേഗത്തിലാക്കാൻ വ്യവസായ വകുപ്പിൽ പ്രത്യേക സെൽ ആരംഭിക്കുന്നതിനും ധാരണയായി. പ്രവാസി നിക്ഷേപകർക്ക് ഈ സെല്ലുമായി നേരിട്ടു ബന്ധപ്പെടാം. പ്രവാസി നിക്ഷേപകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ സെൽ വഴി ലഭ്യമാക്കും. ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്​റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് ഒരിക്കൽ ലൈസൻസ് ലഭിച്ചാൽ വീണ്ടും പുതുക്കേണ്ടതില്ലെന്ന നിയമഭേദഗതി കൊണ്ടുവരുന്നത് പരിശോധിക്കാനും തീരുമാനിച്ചു. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്ക് ഉയർത്തുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്റി അവലോകനം ചെയ്തു. മന്ത്റിമാരായ ഇ.പി. ജയരാജൻ, എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ് മറ്റ് ഉദ്യോഗസ്ഥ മാധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മറ്റ് തീരുമാനങ്ങൾ

കേസുകൾ വേഗം തീർപ്പാക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ വാണിജ്യകോടതികൾ ഹൈക്കോടതിയുടെ അനുമതിയോടെ സ്ഥാപിക്കും

.നിക്ഷേപകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ സൗജന്യകോൾ സെന്റർ സ്ഥാപിക്കും.

മികച്ച വ്യവസായങ്ങൾക്ക് മേഖലകൾ തിരിച്ച് സംസ്ഥാനതല അവാർഡ് ഏർപ്പെടുത്തും.